വാഷിംഗ്ടൺ: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നത് ഒരു മാസത്തേക്കു നിർത്തിവയ്ക്കുകയാണെന്ന് അമേരിക്കൻ കന്പനി കൊക്കകോള. വർണവെറിയും വ്യാജ പ്രചാരണങ്ങളും തടയാൻ സമൂഹമാധ്യമങ്ങൾ കർശന നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. സമൂഹമാധ്യമങ്ങളിൽ വർണവെറിക്കു സ്ഥാനമില്ല.
അതിനാൽത്തന്നെ വർണവെറി, വിദ്വേഷപ്രസംഗം, വ്യാജപ്രചാരണം തുടങ്ങിയ പ്രശ്നങ്ങൾ, സമൂഹമാധ്യമങ്ങൾ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പരസ്യങ്ങളും പ്രചാരണങ്ങളും വർണവെറിയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കും - കൊക്കകോള സിഇഒ ജയിംസ് ക്വിൻസെ പറഞ്ഞു.
വർണവെറി തടയാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു മാസത്തേക്ക് ഫേസ്ബുക്ക് ബഹിഷ്കരിക്കാൻ നേരത്തെ യുഎസ് നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.
ഇതേത്തുടർന്ന് യുണിലിവർ, ദി നോർത്ത് ഫേസ് തുടങ്ങിയ വന്പൻ കന്പനികളും ഒട്ടനവധി ചെറുകിട കന്പനികളും ഫേസ്ബുക്കിലൂടെയുള്ള പരസ്യം നൽകൽ നിർത്തിവച്ചിരിക്കുകയാണ്.
ലോകവ്യാപകമായ പ്രതിഷേധം കനത്തതോടെ ഫേസ്ബുക്കിനു പരസ്യ വരുമാനത്തിൽ 7.2 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം, വിദ്വേഷ പ്രചാരണങ്ങളും വർണവെറി ഉള്ളടക്കങ്ങളും തടയാൻ നടപടി സ്വീകരിച്ചുകഴിഞ്ഞെന്നു ഫേസ്ബുക്ക് അറിയിച്ചു.