ന്യൂഡൽഹി: വിദേശത്തുനിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശം ഇറക്കി. ഏഴ് ദിവസത്തെ ക്വാറന്റൈന് പിന്നാലെ ഏഴ് ദിവസം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുകയും വേണം. ഓഗസ്റ്റ് എട്ട് മുതലാണ് പുതിയ മാർഗനിർദേശം നിലവിൽ വരിക.
അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് വരുന്നവർ, പത്ത് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കൊപ്പം വരുന്ന രക്ഷിതാക്കൾ എന്നിവർക്ക് ക്വാറന്റൈൻ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവർ വീടുകളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവർക്കും ക്വാറന്റൈൽ ഇളവുണ്ട്. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.
ഇന്ത്യയിലേക്കുള്ള വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവരെ തെർമൽ സ്ക്രീനിങ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രക്ക് അനുവദിക്കൂ.