തൊടുപുഴ: കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സന്ദർശകരുടെ മനം മയക്കുന്ന ചേതോഹരമായ കാഴ്ചകളുമായി മഞ്ഞിന്റെ വസന്തം വിരുന്നൂട്ടുന്ന കോട്ടപ്പാറയുടെ സവിശേഷത കേട്ടറിഞ്ഞാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്.
വണ്ണപ്പുറം-മുള്ളരിങ്ങാട് റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിൽ എത്താം.
ഇവിടെ എത്തിയാൽ മഞ്ഞിന്റെ ദൃശ്യമനോഹാരിതയും മരംകോച്ചുന്ന തണുപ്പും ഇളംതെന്നലും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ഇവിടെനിന്നുള്ള സൂര്യോദയ – അസ്തമയ ദൃശ്യങ്ങൾ കണ്കുളിർക്കെ കണ്ടാസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്.
പുലർച്ചെ മൂന്നുമുതൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുപോലും മഞ്ഞിന്റെ ദൃശ്യഭംഗി കാണാൻ സഞ്ചാരികൾ കോട്ടപ്പാറയിൽ എത്തുന്നുണ്ട്. കോട്ടപ്പാറ കുരിശുപള്ളിക്കു സമീപത്തുനിന്നും 150 മീറ്റർ നടന്നാൽ ഇവിടെയെത്താം.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊമ്മൻകുത്തിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതിനാൽ കോട്ടപ്പാറയിലേക്കാണ് സന്ദർശകർ കൂടുതലായി എത്തുന്നത്.
അവധി ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ തിരക്കുമൂലം യാത്രക്കാർ മണിക്കൂറോളം റോഡിൽ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.
വണ്ണപ്പുറത്തുനിന്ന് കോട്ടപ്പാറയിലേക്കുള്ള റോഡിന്റെ വീതികുറവും കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും മൂലം ഇവിടെവരുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്.
റോഡരികിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ മറികടന്നാണ് സന്ദർശകർ എത്തുന്നത്.
കോവിഡ് കാലം ആരംഭിച്ചതോടെ കോട്ടപ്പാറയുടെ മുകൾഭാഗത്തേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ വണ്ണപ്പുറത്തും സമീപപഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്തു.
എന്നാൽ ഈസമയത്തുപോലും കോട്ടപ്പാറയിലേക്കുള്ള തിരക്ക് നിയന്ത്രിക്കാൻ പഞ്ചായത്ത്, വനംവകുപ്പ്, പോലീസ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.