പള്ളുരുത്തി: വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തുന്ന കൗമാരക്കാരനുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. പള്ളുരുത്തി നമ്പ്യാപുരം കണ്ടത്തില്‍ വീട്ടില്‍ ചെങ്കീരി എന്നറിയപ്പെടുന്ന ഷിറാസ്(19)നായരമ്പലം നെടുങ്ങാടു പള്ളിക്കു സമീപം ഈരവേലില്‍ വീട്ടില്‍ സേവ്യര്‍ മകന്‍ ജെയിംസ്, പള്ളുരുത്തി ബിന്നി റോഡില്‍ തുണ്ടത്തില്‍ ജോര്‍ജ്ജ് മകന്‍ ഷിജു പോള്‍ എന്നിവരും പള്ളുരുത്തി ഭാഗത്തുള്ള കൗമാരക്കാരനുമാണു പിടിയിലായത്.
രാത്രി കാലങ്ങളിലും പകല്‍ സമയങ്ങളിലും ആളില്ലാത്ത വീടുകളിലും ദേവാലയങ്ങളിലുമാണ് ഇവരുടെ മോഷണം. പള്ളുരുത്തി ചിറക്കല്‍ ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മണിയുടെ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 16000 രൂപയും, പള്ളുരുത്തി കെഎംപി നഗറിലുള്ള ഹസീനയുടെ വീട്ടില്‍ നിന്ന് പകല്‍ സമയത്ത് 13 പവന്‍ സ്വര്‍ണാഭരണങ്ങളും 2000 രൂപയും മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.
പള്ളുരുത്തിയിലും അരൂരിലുമുള്ള കടകള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. സംഘത്തിന്റെ തലവനായ ഷിറാസിന് പള്ളുരുത്തി സ്‌റ്റേഷനില്‍ 11 മോഷണ കേസ്സുകളില്‍ പ്രതിയാണ്, കൂടാതെ തോപ്പുംപടി, മട്ടാഞ്ചേരി എന്നിവിടങ്ങളിലുള്‍പ്പെടെ മറ്റു സ്‌റ്റേഷനുകളില്‍ മയക്ക് മരുന്ന്, മോഷണം, പിടിച്ചുപറി, അടിപിടി കേസുകളില്‍ പ്രതി കൂടിയാണ്.
പ്രതികളുടെ പക്കല്‍ നിന്നും 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ അനിരുദ്ധന്റെ നേതൃത്വത്തില്‍ പള്ളുരുത്തി സിഐ കെ.ജി.അനീഷ്, പളളുരുത്തി എസ്‌ഐ ഫിറോസ്, എഎസ്‌ഐമാരായ സന്താഷ്, ഹരികുമാര്‍, സിപിഒ മാരായ സമദ്, ദിലീപ്, വിനോദ്, അനില്‍കുമാര്‍, രത്‌നകുമാര്‍, ദിനേശന്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.കൗമാരക്കാരനെ ജൂവനൈല്‍ കോടതിയിലും ഹാജരാക്കി.