കോട്ടയം: ജോസ് കെ. മാണിയുടെ വരവോടെ കോട്ടയത്ത് ഇടതുമുന്നണിക്കു നേട്ടം. പാലാ നഗരസഭ രണ്ടിലയുടെ കരുത്തിൽ എൽഡിഎഫ് തൂത്തുവാരി. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവുമായുള്ള കൂട്ടുകെട്ടിൽ കോണ്ഗ്രസ് കോട്ടയം ജില്ലയിൽ രക്ഷപ്പെട്ടില്ല.
കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണി വ്യക്തമായ മുന്നേറ്റം നേടിയിരിക്കുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറെയിടങ്ങളിലും കോട്ടയത്ത് ഇടതുമുന്നണിക്കാണ് മേൽക്കൈ.
മുൻപ് 22ൽ 14 സീറ്റുകളോടെ ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന്റെ ഗതിമാറ്റം നിർണായകമാണ്. കോണ്ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കേരള കോണ്ഗ്രസ് ജോസഫിലെ മോൻസ് ജോസഫിന്റെയും രാഷ്ട്രീയ ഭാവിയെതന്നെ
ചോദ്യം ചെയ്യുന്നതാണു കോട്ടയത്തെ ജനവിധി. പാലാ നഗരസഭയിൽ ജോസ് കെ. മാണി വിഭാഗത്തിൽനിന്ന് ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറിയ ഏറെപ്പേർക്കും തോൽവിയാണ്. പാലായിൽ ജോസ് കെ. മാണി വിഭാഗത്തിലെ മുൻ നഗരസഭാ ചെയർമാൻ ജോസ് പടിഞ്ഞാറേക്കര വിജയിച്ചു.
യുഡിഎഫ് ഉരുക്കുകോട്ടകളെന്ന് അറിയപ്പെട്ടിരുന്ന മേഖലകളിലാണ് ഇടതുമുന്നണി കുതിച്ചുകയറിയത്. ചങ്ങനാശേരി, വൈക്കം, പാലാ നഗരസഭകളിലും എൽഡിഎഫിനാണു മുൻതൂക്കം. കോട്ടയം നഗരസഭയിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്.