തുറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ച നിലവിലെ എംഎൽഎ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
നിലവിലെ കോണ്ഗ്രസ് എംഎൽഎമാർ മത്സരിക്കുമെന്ന് കെപിസിസിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാനിമോൾ ഉസ്മാൻതന്നെയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയന്ന് ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്ത് മൂന്നുപേരുകളാണ് ചർച്ചചെയ്യപ്പെടുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട മനു സി. പുളിക്കൻ, സി.ബി. ചന്ദ്രബാബു, ആർ. നാസർ എന്നിവരാണ് ഇടതുപക്ഷ സ്ഥാനാർഥികളായി മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നത്. അതോടൊപ്പംതന്നെ പി.പി. ചിത്തരഞ്ജന്റെ പേരും അരൂരിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ സി.ബി. ചന്ദ്രബാബുവിനു തന്നെയാണ് മുൻതൂക്കം.
അതേസമയം എൻഡിഎയിൽ 2016-ൽ ബിഡിജെഎസിന്റെ അനിയപ്പനായിരുന്നു സ്ഥാനാർഥി. സീറ്റ് ബിഡിജെഎസിനു തന്നെയെങ്കിൽ അനിയപ്പൻ തന്നെ സ്ഥാനാർഥിയായി എത്തിയേക്കും. ഉപതെരഞ്ഞെടുപ്പിലേതു പോലെ ബിജെപി ഏറ്റെടുത്താൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനും നീക്കമുണ്ട്.
ആർഎസ്എസ് നേതൃത്വം പൊതുസ്വതന്ത്രനെ നിർത്തുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്നും കേൾക്കുന്നു.അരൂരിൽ ആകെ 10 പഞ്ചായത്തുകളാണുള്ളത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, അരൂക്കുറ്റി, പാണാവള്ളി, പെരുന്പളം, പള്ളിപ്പുറം, തൈക്കാട്ടുശേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അരൂർ നിയോജകമണ്ഡലം.
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് വേന്പനാട്ടുകായലും അതിരിടു ന്ന ഉപദ്വീപാണ് അരൂർ നിയോജകമണ്ഡലം. വ്യാവസായിക കേന്ദ്രം എന്നറിയപ്പെടുന്ന അരൂർ നിയോജകമണ്ഡലത്തിൽ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കൂടുതലും മത്സ്യസംസ്കരണ യൂണിറ്റുകളുമാണ്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ മത്സ്യസംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് അരൂർ നിയോജകമണ്ഡലത്തിലാണ്.ഇടതുപക്ഷ കോട്ട എന്നറിയപ്പെടുന്ന അരൂർ നിയോജകമണ്ഡലം പലപ്പോഴും യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. 13 വർഷം തുടർച്ചയായി എംഎൽഎയായ എ.എം. ആരിഫ് പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചതോടെ 13 മാസങ്ങൾക്കു മുൻപ് അരൂർ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായി.
2079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അരൂർ നിയോജകമണ്ഡലം എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കെ.ആർ. ഗൗരിയമ്മ, പി.എസ്. ശ്രീനിവാസൻ, പി.എസ്. കാർത്തികേയൻ, എ.എം. ആരിഫ് ഉൾപ്പെടെ പ്രഗൽഭരായവർ അരൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും കക്ക വാരൽ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മണ്ഡലമാണ് ഇത്. 2019ലെ ഉപതെരഞ്ഞെടുപ്പിലെ ആകെ ഉണ്ടായിരുന്ന വോട്ടർമാർ 1,91,898 ആണ്. ലഭ്യമായ അവസാന കണക്കു പ്രകാരം 95723 പുരുഷവോട്ടർമാരും 1,00382 വനിതാവോട്ടർമാരുമടക്കം 1,96,105 വോട്ടർമാരാണുള്ളത്.