കോട്ടയം: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുൻ എംഎൽഎയും ഖാദി ബോർഡ് വൈസ് ചെയർ പേഴ്സണുമായ ശോഭന ജോർജ്.
പ്രതിപക്ഷം എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ് എന്താണിവിടെ ചെയ്തത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നതല്ലാതെ അവരെന്ത് സംഭാവനയാണ് ജനങ്ങൾക്കു നൽകിയത്.
സർക്കാരെന്ത് നന്മ ചെയ്താലും വിമർശിക്കുക എന്നതുമാത്രമാണ് അവരുടെ പരിപാടി.
കിറ്റ് കൊടുത്താലോ അതിൽ അഴിമതി, പാലം പണിതാലോ അതിൽ അഴിമതി, കിഫ്ബിയോ അത് അഴിമതി എന്നിങ്ങനെ അഴിമതി, അഴിമതി, അഴിമതി എന്ന് നാഴികയ്ക്കു നാല്പതു വട്ടം ആവർത്തിച്ചു പറയുന്നതല്ലാതെ അവരെന്താണ് ഈ സമൂഹത്തിൽ ചെയ്യുന്നത്.
പ്രളയം പോലെ, കോവിഡ് പോലെ ജനങ്ങൾ നേരിട്ട പ്രതിസന്ധിഘട്ടത്തിൽ അവരെന്ത് സംഭാവനയാണ് സമൂഹത്തിന് ചെയ്തത്. പിന്നെന്ത് അടിസ്ഥാനത്തിലാണ് ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുക.
അവരുടെ ആരോപണങ്ങളെല്ലാം അവരിലേക്ക് തന്നെ തിരിഞ്ഞു വരികയല്ലേ. പ്രതിപക്ഷ നേതാവിന് സർവേയിൽ ജനങ്ങളുടെ അംഗീകാരം കിട്ടാതെ പോകുന്നത് ഇതുകൊണ്ടാണ്.
തുടർഭരണം ലഭിക്കും
എൽഡിഎഫിന് തുടർഭരണം കിട്ടുമെന്നതിൽ സംശയം വേണ്ട. എൽഡിഎഫ് അധികാരത്തിൽ വരില്ലായെന്ന് യുഡിഎഫ് പറയുന്നത് അവരുടെ ആഗ്രഹം മാത്രമാണ്.
ആന്റണിയുടെ പ്രസ്താവന
ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയാൽ കേരളത്തിന്റെ സർവനാശമെന്ന് കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ ആന്റണി പറയുന്നു.
ഇതിനൊക്കെ ഞാൻ എന്താ മറുപടി പറയുക. കേരളത്തിലെ ജനങ്ങളെക്കുറിച്ച് എന്താണ് അദ്ദേഹം കരുതിവച്ചിരിക്കുന്നത്.
കോൺഗ്രസിന് ഭരണം കിട്ടിയ സംസ്ഥാനങ്ങളുടെയൊക്കെ സ്ഥിതി എന്താണ് ഇപ്പോൾ. ഒന്നുകിൽ കുറേപ്പേർ ബിജെപിയിലേക്ക് പോകും. അല്ലെങ്കിൽ ആടിയുലഞ്ഞ് നിക്കും.
കോൺഗ്രസിന് ഏതു സംസ്ഥാനത്താണ് ഉറച്ച ഭരണം ഉള്ളത്. കയ്യിലിരുന്ന സംസ്ഥാനങ്ങൾ വരെ കൈമോശം വന്നു നിൽക്കുന്പോൾ കേരളത്തിൽ കോൺഗ്രസിന്റെ വലിയ വക്താവായി വന്ന് പ്രസംഗിച്ചിട്ട് വല്ല കാര്യമുണ്ടോ.
മത്സരിക്കാതിരുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലായെന്ന് ഞാൻ നേരത്തേ തന്നെ തീരുമാനിച്ചതാണ്. വളരെ മുന്പ് തന്നെ ഞാനത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലം എംഎൽഎ ആയി ഞാൻ ഇരുന്നതല്ലേ. ഇനി പുതിയ ആൾക്കാർ വരട്ടെ.
മന്ത്രിസ്ഥാനം
മൂന്നു തവണ എംഎൽഎ ആയി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ ഒരു വിഷമവുമില്ല. കാബിനറ്റ് റാങ്കിലുള്ള പദവിയിൽ തന്നെയല്ലേ ഞാനിപ്പോൾ ഉള്ളത്.
ലതികയുടെ സീറ്റ് വിഷയം
ലതികയ്ക്ക് എന്നല്ല, സ്ത്രീക്ക് എവിടെയും ഒരു നന്മയുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. -എൻ.എം