കുംബ്ലെ -കോഹ്‌ലി: ക്ലിക്ക്ഡ്

sp-kumblyആന്റിഗ്വ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായശേഷം ആദ്യ വിദേശപര്യടനത്തില്‍ അനില്‍ കുംബ്ലെയ്ക്കു ജയത്തോടെ തുടക്കം, നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു വെളിയില്‍ നേടുന്ന ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് ജയം എന്നിങ്ങനെ പല വിശേഷങ്ങളുമുണ്ട് ഇന്ത്യ- വിന്‍ഡീസ് ആദ്യടെസ്റ്റിന്. വിരാട് കോഹ്‌ലി – അനില്‍ കുംബ്ലെ സഖ്യം ക്ലിക്കായിക്കഴിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 566 റണ്‍സ് പിന്തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 243 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഫോളോ ഓണിനു നിര്‍ബന്ധിതരാകേണ്ടിയും വന്നു.

ഫോളോ ഓണിലും വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ നാലാം ദിനം 231 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യയുടെ ജയം ഇന്നിംഗ്‌സിനും 92 റണ്‍സിനും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യക്കു പുറത്തുനേടുന്ന ഏറ്റവും വലിയ ജയവുമായിരുന്നു ഇത്.

ആദ്യം ബാറ്റുകൊണ്ടും പിന്നെ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പന്തുകൊണ്ടും വിസ്മയം തീര്‍ത്ത രവിചന്ദ്രന്‍ അശ്വിനാണ് ജയം ഒരു ദിവസം മുമ്പേയാക്കിയത്. ഏഴ് വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെ അശ്വിന്‍ വീഴ്ത്തി. അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ എട്ട് വിക്കറ്റ് വേണ്ടിയിരുന്നു. ബ്രേക്കിനു തിരിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ അശ്വിന്റെ പന്തുകള്‍ കബളിപ്പിച്ചു. വലിയ പ്രതിരോധം ഒന്നും കൂടാതെ വിന്‍ഡീസ് ബാസ്റ്റ്മാന്മാര്‍ എല്ലാവരും 78 ഓവറില്‍ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. ഉച്ചഭക്ഷണശേഷം ചന്ദ്രിക (31), സാമുവല്‍സ് (50) എന്നിവരുടെ വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കി.

ലഞ്ച് കഴിഞ്ഞ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആദ്യം ചന്ദ്രിക (31) യുടെ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ പന്തില്‍ സാഹ പന്തു പിടിച്ചു പുറത്താക്കി. വൈകാതെ പൂജ്യനായി ജെര്‍മിയന്‍ ബ്ലാക്‌വുഡും മടങ്ങി. ഈ വിക്കറ്റും അശ്വിനായിരുന്നു. 50 റണ്‍സ് നേടിയ സാമുവല്‍സിന്റെ (50) കുറ്റി തെറിപ്പിച്ച് അശ്വിന്‍ വീണ്ടും ആഞ്ഞടിച്ചു. മൂന്നോവറിനുശേഷം അശ്വിന്‍ അടുത്ത ഇരയെയും സ്വന്തമാക്കി. റോസ്റ്റണ്‍ ചേസ് (8) കെ.എല്‍. രാഹുലിന്റെ കൈകളിലെത്തി. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ അശ്വിന്റെ പന്ത് ബൗണ്ടറിക്കു മുകളിലൂടെ പറത്തി ഒന്നു പേടിപ്പിക്കാന്‍ നോക്കി. ഷെയ്ന്‍ ഡൗറിച്ചി (9)നെ ക്ലീന്‍ബൗള്‍ഡാക്കിക്കൊണ്ട് അമിത് മിശ്ര ഇന്ത്യയെ ജയത്തോടടുപ്പിച്ചു. അപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ ഏഴിന് 120 റണ്‍സ് എന്ന നിലയിലായിരുന്നു.

അധികം താമസിക്കാതെ ഹോള്‍ഡറെ (16) അശ്വിന്‍ ക്ലീന്‍ബൗള്‍ഡാക്കി. ഇതിനുശേഷം കാര്‍ലോസ് ബ്രാത്‌വെയ്റ്റും ദേവേന്ദ്ര ബിഷുവും ചേര്‍ന്ന് ഇന്ത്യയുടെ വിജയം വൈകിച്ചുകൊണ്ട് ബാറ്റ് വീശി. എട്ടിന് 132 റണ്‍സില്‍ ഒരുമിച്ച ഇരുവരും ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് ബാറ്റ് ചെയപ്പോള്‍ വിന്‍ഡീസ് വന്‍ നാണക്കേട് ഒഴിവാക്കി. 24.1 ഓവറോളമാണ് ഇരുവരും ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ക്രീസില്‍ നിന്നത്. ഈ എട്ടാം വിക്കറ്റ് സഖ്യം 95 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. മത്സരത്തിലെ തന്നെ വിന്‍ഡീസിന്റെ ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്. ബിഷുവിനെ (45) ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് അശ്വിന്‍ സഖ്യം തകര്‍ത്തു. ആ ഓവറിന്റെ അവസാന പന്തില്‍ ഷനോന്‍ ഗബ്രിയേലിന്റെ (4) ഓഫ് സ്റ്റംപ് തെറിപ്പിച്ച് അശ്വിന്‍ ഇന്ത്യക്കു ജയമൊരുക്കി. സിംബാബ്‌വേയില്‍ 2005-06 സീസണില്‍ നേടിയ ഇന്നിംഗ്‌സിന്റെയും 90 റണ്‍സിന്റെയും ജയമായിരുന്നു ഇതിനു മുമ്പുള്ള വലിയ ജയം. 51 റണ്‍സ് നേടിയ ബ്രാത്‌വെയ്റ്റ് പുറത്താകാതെ നിന്നു. ഏഴു വിക്കറ്റ് സ്വന്തമാക്കിയ അശ്വിനു പുറമെ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് -എട്ടിന് 566

വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സ് – 243

വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സ്

(ഫോളോ ഓണ്‍)

ബ്രാത് വെയ്റ്റ് എല്‍ബിഡബ്ല്യു ശര്‍മ 2, ചന്ദ്രിക സി സാഹ ബി അശ്വിന്‍ 31, ബ്രാവോ സി രഹാനെ ബി യാദവ് 10, സാമുവല്‍സ് ബി അശ്വിന്‍ 50, ബ്ലാക്‌വുഡ് സി കോഹ്‌ലി ബി അശ്വിന്‍ 0, ചേസ് സി സബ് (കെ.എല്‍. രാഹുല്‍) ബി അശ്വിന്‍ 8, ഡൗറിച്ച് എല്‍ബിഡബ്ല്യു ബി മിശ്ര 9, ഹോള്‍ഡര്‍ ബി അശ്വിന്‍ 16, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് നോട്ടൗട്ട് 51, ബിഷു സി പുജാര ബി അശ്വിന്‍ 45, ഗബ്രിയേല്‍ 4, എക്‌സ്ട്രാസ് 5, ആകെ 78 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്ത്.

ബൗളിംഗ്

ശര്‍മ 11-2-27-1, ഷാമി 10-3-26-0, യാദവ് 13-4-34-1, അശ്വിന്‍ 25-8-83-7, മിശ്ര 19-3-61-1

കണക്കിലെ കളി

2

2011 ജമൈക്ക ടെസ്റ്റ് മുതല്‍ കഴിഞ്ഞ 24 ടെസ്റ്റില്‍ ഏഷ്യക്കു പുറത്ത് ഇന്ത്യ നേടുന്ന രണ്ടാം ജയം. ഇതിനിടെ 2014 ലോര്‍ഡ്‌സില്‍ നേടിയ ജയവും ഉള്‍പ്പെടുന്നു.

7/83 വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ബൗളറുടെ(അശ്വിന്‍) മികച്ച പ്രകടനം.

3

ഒരു ടെസ്റ്റില്‍ സെഞ്ചുറിയും ഏഴു വിക്കറ്റും നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് അശ്വിന്‍. രണ്ടു തവണ ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ചിലധികം വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യക്കാരനും അശ്വിനാണ്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം രണ്ടു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

2

ഒരു വിദേശ ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ചുറിയും ഏഴുവിക്കറ്റും ഇന്ത്യ നേടുന്നത് രണ്ടാം തവണ. ഇതിനു മുമ്പ് 2004 സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്താകാതെ 241 റണ്‍സ് നേടിയപ്പോള്‍ അനില്‍കുംബ്ലെ 141 റണ്‍സ് വഴങ്ങി 8 വിക്കറ്റ് സ്വന്തമാക്കി.

Related posts