ഐസിയുവില്‍ ബെഡ് കിട്ടിയില്ല ! കോവിഡ് രോഗിയായ യുവതിയ്ക്ക് പാട്ടുവെച്ചു കൊടുത്ത് ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…

കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇവര്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത്.

എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്.

അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്.

ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു.

ഈ ശ്രേണിയില്‍ പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്.

കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ രോഗി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.

‘ലവ് യൂ സിന്ദഗി…’ എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. ‘അവള്‍ക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാല്‍ കൊവിഡ് എമര്‍ജന്‍സി വിഭാഗത്തില്‍ കഴിഞ്ഞ 10 ദിവസമായി ഞങ്ങള്‍ അവളെ പരിചരിക്കുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവള്‍ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവള്‍. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.

പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്’- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്.

കാണുന്നവര്‍ക്കെല്ലാം പ്രതീക്ഷയും സന്തോഷവും പകരുന്ന ഈ വീഡിയോ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഡോക്ടറെ പ്രശംസിച്ചും നന്ദി അറിയിച്ചും നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.

Related posts

Leave a Comment