ഈ ക്രൂരതയ്ക്ക് പിന്നില്‍ ആര് ? അതിരമ്പുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ ഗര്‍ഭിണിയുടെ മൃതദേഹം; കാല് കൂച്ചിക്കെട്ടി; മുഖത്ത് തുണി അമര്‍ത്തിവച്ച് കെട്ടിയ നിലയിലാണ് മൃതദേഹം

Athirampuzhaഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ നാടോടി സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ റബര്‍ത്തോട്ടത്തില്‍ കണ്‌ടെത്തി. ഇവര്‍ നാല് മാസം ഗര്‍ഭിണിയാണ്. അതിരമ്പുഴ ഒറ്റകപ്പിലുമാവ്-അമ്മഞ്ചേരി റോഡില്‍ ഐക്കരക്കുന്ന് ജംഗ്ഷനു സമീപം പൈനേല്‍ ലാലിച്ചന്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ഗാന്ധിനഗര്‍ ഭാഗത്തുകൂടി അലഞ്ഞുതിരിഞ്ഞ സ്ത്രീയുടെതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ചാക്കില്‍ പൊതിഞ്ഞു ടാര്‍ പോളിന്‍ കവറിലാക്കിയാണ് റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മുഖത്ത് തുണി അമര്‍ത്തിവച്ച് കെട്ടിയ നിലയിലാണ്. കാല് കൂച്ചിക്കെട്ടിയിട്ടുണ്ട്. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കാണുന്നത്. വയലറ്റ് നിറത്തിലുള്ള നൈറ്റിയാണ് സ്ത്രീ ധരിച്ചിരിക്കുന്നത്.

ഇന്നു രാവിലെ റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളി മാര്‍ത്താണ്ഡം സ്വദേശി ആര്‍.കുമാറാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, വി.അജിത്, സിഐ നിര്‍മല്‍ബോസ്, എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പുരയിടത്തിലേക്ക് ആളുകള്‍ പ്രവേശിക്കാത്ത രീതിയില്‍ പോലീസ് സംഭവസ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്. ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ധരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

സംഭവം നാട്ടില്‍ പരന്നതോടെ സ്ഥലത്തേക്ക് നാട്ടുകാരും സമീപവാസികളും കൂട്ടമായി എത്തി. റോഡിനോടു ചേര്‍ന്നുള്ള പുരയിടത്തിലേക്ക് ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ ചാക്കുകെട്ട് ഉപേക്ഷിക്കുന്നതിന് സൗകര്യമാണ്. മൃതദേഹം കാണപ്പെട്ട പുരയിടത്തിന് എതിര്‍ഭാഗത്തുള്ള പുരയിടത്തില്‍ ഒഴിഞ്ഞ മദ്യകുപ്പിയും സോഡാകുപ്പിയും സോപ്പും കയറും കണെ്ടത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.

Related posts