ജിജി ലൂക്കോസ്
തിരുവനന്തപുരം: കടകൾ തുറക്കുന്നതിനായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ട ് കിളി പോയിരിക്കുകയാണ് കടക്കാരും ജനങ്ങളും.
വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയവർക്കും കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് രോഗം പിടിപെട്ട് രോഗം ഭേദമായ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് സർക്കാർ ഉത്തരവ് പ്രകാരം കടകളിൽ സന്ദർശിക്കാനും തൊഴിൽ ചെയ്യാനും അനുവാദം നൽകിയിട്ടുള്ളത്.
കോവിഡ് വന്നവർ
ഇതിൽ കോവിഡ് പിടിപെട്ട് ഒരു മാസത്തിനുള്ളിൽ ഭേദമായ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കടയിൽ പ്രവേശനമെന്ന നിബന്ധനയാണ് ഏറെ വിവാദമായത്.
കോവിഡ് ഭേദമായവർ മൂന്നു മാസത്തിനു ശേഷമേ വാക്സിൻ എടുക്കാവൂയെന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ തന്നെ നിബന്ധനയായി പറയുന്നതിനിടെ കോവിഡ് പിടിപെട്ട് ഒരു മാസം കഴിഞ്ഞവരും വാക്സിൻ ഒരു ഡോസ് പോലും ലഭിക്കാത്തവരുമായ സംസ്ഥാനത്തെ ലക്ഷക്കണക്കിനു ആളുകൾ എങ്ങനെ കടയിൽ പോകുമെന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്.
കോവിഡ് വന്നാൽ മൂന്നു മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയെന്നാണ് പറഞ്ഞിട്ടുള്ളത്. അപ്പോൾ രോഗം സുഖമായി ഒരു മാസം പിന്നിട്ടവരും അതേസമയം വാക്സിന് കിട്ടാത്തവരും കടയ്ക്കും സ്ഥാപനങ്ങൾക്കും പുറത്ത് ആയിരിക്കു കയാണ്.
18 വയസിനു താഴെയുള്ളവർ
വാക്സിൻ ആദ്യ ഡോസിനായി 40 വയസിൽ താഴെയുള്ള ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തിട്ടും വാക്സിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്തെ വാക്സിൻ വിതരണം ആകെ ജനങ്ങളുടെ പകുതിയിൽ മാത്രമായി നിൽക്കുന്നു.
പര്യാപതമായ രീതിയിൽ വാക്സിൻ ലഭ്യമായിട്ടുമില്ല. 18 വയസിൽ താഴെയുള്ളവർക്കു വാക്സിൻ വിതരണം തുടങ്ങിയിട്ടുമില്ല. പുതിയ നിബന്ധന മൂലം പതിനെട്ടു വയസിൽ താഴെയുള്ളവർക്കു കടകളിലോ സ്ഥാപനങ്ങളിലോ പോകാനാ വാത്ത സ്ഥിതിയാണ്.
വാക്സിൻ രണ്ട് ഡോസ് എടുത്തവരാണെങ്കിലും 65 വയസിനു മുകളിൽ പ്രായമുള്ളവർ വീടിനു പുറത്തിറങ്ങുന്നതിനും പൊതുസ്ഥലങ്ങളിൽ പോകുന്നതിനും വിലക്കുകളുമുണ്ട്.
ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് അനുസൃതമായി ആരൊക്കെ കടയിൽ പോകുമെന്നും കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുമെന്നും ആളുകൾ ചോദിക്കുന്നു.
വ്യാപാരികൾക്കും പ്രതിഷേധം
ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം കടകൾ തുറക്കാനാവാതെ കടക്കെണിയിലായി ആത്മഹത്യ വർധിക്കുന്നതിനിടെയാണ് ജനങ്ങളെയും കച്ചവടക്കാരെയും കുരുക്കിലാക്കിയുള്ള പുതിയ നിർദേശം പുറത്തുവന്നിരിക്കുന്നത്. ഓണം പ്രമാണിച്ച് കുറച്ചെങ്കിലും കച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഈ നിർദേശങ്ങൾ വല്ലാതെ വലയ്ക്കും.
വാക്സിനേഷൻ സ്വീകരിച്ച തൊഴിലാളികളുടെയും സന്ദർശിക്കുന്ന ഗുണഭോക്താക്കളുടെയും വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നു എല്ലാ കടകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഏജൻസികൾ പരിശോധന നടത്തുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഇതു നിയന്ത്രണങ്ങളുടെ ലംഘനത്തിന്റെ പേരിൽ വ്യാപകമായി പെറ്റി കേസുകൾ ഈടാക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ബാങ്കിനു മുൻപിൽ ക്യൂ നിന്നവർക്കും കടയുടെ മുന്പിൽ ആളുകൾ നിന്നതിന്റെ പേരിൽ കടക്കാരനും പെറ്റി നോട്ടീസ് നൽകിയ സംഭവവും വലിയ വിവാദമായിരുന്നു.
നിയന്ത്രണ ലംഘനത്തിനു പിഴ ഈടാക്കാൻ സർക്കാർ ഓരോ പോലീസുകാരനും ക്വോട്ട നിശ്ചയിച്ച് നൽകിയിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുകയും ചെയ്തിരുന്നു.