കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണു വിജിലൻസിന്റെ ശിപാർശ. യഥാർഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ദേവസ്വം വിജിലൻസ് എസ്പി പി. ബിജോയി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ രുദ്രാക്ഷമാലയിൽ ഒന്പതു മുത്തുകൾ കാണാതായതിനെ തുടർന്നാണു വിജിലൻസ് അന്വേഷണം തുടങ്ങിയത്. പുതിയ മേൽശാന്തി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു പതിവായി ചാർത്തുന്ന മാലയിലെ തൂക്കവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.
സമഗ്രമായ അന്വേഷണത്തിനൊടുവിൽ 81 മുത്തുകളുള്ള പഴയ മാലയ്ക്ക് പകരം 72 മുത്തുകളുടെ മാല വെയ്ക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.
സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതിൽ ക്ഷേത്രം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻ മേൽശാന്തിമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങി 25 ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിരിന്നു.
പോലീസും ദേവസ്വം വിജിലൻസും ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്. നേരത്തെ തിരുവാഭരണം കമ്മീഷണർ എസ്. അജിത്കുമാർ വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിരുന്നു.
ഇതിനുപിന്നാലെയാണ് ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.
ക്ഷേത്രത്തിൽ തീപിടുത്തം ഉണ്ടായപ്പോൾ നഷ്ടപ്പെട്ടതാണോ എന്നതാണു പ്രധാന സംശയം. മാല ആരെങ്കിലും മാറ്റിവെച്ചതാണോ എന്നും വിജിലൻസ് സംശയിക്കുന്നു.
മോഷണം പോയതാണോ എന്നു പൂർണമായി സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മോഷണ സാധ്യതയും പൂർണമായും തള്ളിക്കളയാൻ വിജിലൻസ് തയാറല്ല. ഇക്കാര്യത്തിൽ പോലീസ് നടത്തുന്ന അന്വേഷണം നിർണായകമാണെന്ന് ദേവസ്വം വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
82 മുത്തുകൾ ഉള്ള മാലയിലെ 9 മുത്തുകളാണു കാണാതായിരിക്കുന്നതെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ തിരുവാഭരണം കമ്മീഷണർ നൽകിയ റിപ്പോർട്ടിലും ഇതുതന്നെയായിരുന്നു കണ്ടെത്തൽ.
മൂന്നു ഗ്രാം സ്വർണമാണ് ഈ മുത്തുകൾ നഷ്ടപ്പെട്ടതിലൂടെ കുറഞ്ഞിരിക്കുന്നതെന്നാണു തിരുവാഭരണം കമ്മീഷണർ കണ്ടെത്തിയിരുന്നു. അതേ നിലപാട് ദേവസ്വം വിജിലൻസ് ആവർത്തിക്കുന്നു.
ഇതിനു പിന്നാലെ നടത്തിയ നിർണായക പരിശോധനയിലാണു പഴയ മാല അല്ല ഇപ്പോൾ ക്ഷേത്രത്തിലുള്ളതെന്നും കണ്ടെത്തിയത്.
ക്ഷേത്രത്തിൽനിന്നും പലതും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണം. വിശദമായ കണക്കെടുപ്പ് നടത്തി ദുരൂഹതകൾ നീക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.