കുന്നംകുളം: വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടിയെ ലൈംഗിക മായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിക്ക് രണ്ടു വകുപ്പുകളിലായി 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.
രണ്ടാം പ്രതിക്ക് ആറുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണു ശിക്ഷ.2006 ൽ കുന്നംകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവറായിരുന്ന ഒന്നാം പ്രതി കുന്നംകുളം സീനിയർ ഗ്രൗണ്ട് ചെറുപനയ്ക്കൽ ഷാജിയാണ് പെണ്‍കുട്ടിയെ ഗുരുവായൂരിൽ എത്തിച്ചത്.
അന്പലത്തിൽ വച്ച് തുളസി മാലയിട്ട് വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ച് ഗുരുവായൂർ അന്പലത്തിനടുത്തുള്ള ലോഡ്ജിൽ റൂമെടുത്ത് ബലാത്സംഗം ചെയ്തു.
വിവാഹം കഴിക്കാതെ കബളിപ്പിച്ച പ്രതി പിന്നീട് വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് 2009 ൽ ഹോം നഴ്സിംഗ് സ്ഥാപനം നടത്തിയിരുന്ന കേസിലെ രണ്ടാം പ്രതി വടക്കേക്കാട് തൊഴിയൂർ ചെറുവത്തൂർ ആലീസിന്റെ പുതുശേരി യിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയും ആലീസിന്റെ ഒത്താശയോടും സഹായത്താലും വീണ്ടും ബലാത്സംഗം ചെയ്തുവെന്നുമാണു കുറ്റപത്രം.
ബലാത്സംഗത്തെ തുടർന്ന് പെണ്‍കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടാവുകയും പ്രതികൾ പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നുവെന്നാണു പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷൽ പബ്ലിക് പ്രോ സിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും തെളിവുകൾ നിരത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജഡ്ജ് എം.പി . ഷിബുവാണു പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി ഇരുവർക്കും തടവുശിക്ഷയും 2,25,000 രൂപ പിഴയും വിധിച്ചത്.
കുന്നംകുളം പോലീസ് ഇൻസ്പെക്ടറായിരുന്ന പി.സി. ഹരിദാസനാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എം.ബി. ബിജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.