വിതുര: മുന്നൂറ്റിയഞ്ച് വിദ്യാര്‍ഥികളുമായി ദേശീയ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ഐസര്‍ വിതുര കാമ്പസില്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഏറെ വര്‍ഷങ്ങളായി തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗ് കോളജിലാണ് കാമ്പസ് പ്രവര്‍ത്തിച്ചിരുന്നത്. ബിഎസ്എഎസിന്റെ പുതിയ ബാച്ചിലേക്കു 176 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. നവാഗതരെ കൂടാതെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും വിതുര കാമ്പസിന്റെ ഭാഗമായി. ഇതോടെ കാമ്പസില്‍ ആകെ 305 വിദ്യാര്‍ഥികളുണ്ട്. ഐസര്‍ ഡയറക്ടര്‍ വി. രാമകൃഷ്ണന് ഉള്‍പ്പടെയുള്ളവരുടെ സംഘം നവാഗതരെ കാമ്പസിലേക്കു സ്വാഗതം ചെയ്തു. സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു.
വിതുര കാമ്പസില്‍ മികച്ച നിലവാരത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ഹോസ്റ്റല്‍, ലൈബ്രറി, ലാബ് സംവിധാനം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഭക്ഷണ ശാല, മള്‍ട്ടി പര്‍പ്പസ് സ്റ്റോര്‍, സ്പോര്‍ട്സ് ഹൗസ്, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങി എല്ലാ സൗകര്യങ്ങളും സജ്ജമാണ്. കേന്ദ്രീകൃത ലാബ് സംവിധാനം കൂടി പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഐസര്‍ ക്യാംപസ് ഉയരും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐസര്‍ വിതുര ക്യാംപസ് കഴിഞ്ഞ ജനുവരിയിലായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാടിനു സമര്‍പ്പിച്ചത്. .