കവിളുപ്പാറ കോളനിയില്‍ വീണ്ടും ഊരുകൂട്ടം: ആദിവാസികള്‍ക്കു പുതിയ ഉറപ്പുമായി അധികൃതര്‍

pkd-adivasiമംഗലംഡാം: കവിളുപ്പാറ ആദിവാസി കോളനിയില്‍ വീണ്ടും ഊരുകൂട്ടം കുടി അധികൃതര്‍ പുതിയ ഉറപ്പുനല്കി മടങ്ങി. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ആദിവാസികളെ വിളിച്ചുകൂട്ടി പുതിയ വാഗ്ദാനങ്ങള്‍ നല്കാറുള്ളത്. വീടില്ലാത്തവര്‍ക്കെല്ലാം വീട്, വീടുപണി പാതിവഴിയില്‍ നിര്‍ത്തിവച്ചവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ ഫണ്ട്, വീടു റിപ്പയറിംഗിന് ഫണ്ട്, പിന്നെ പതിവ് ഉറപ്പുകളായ കുടിവെള്ളം, വെളിച്ചം, ആരോഗ്യസംരക്ഷണം തുടങ്ങിയ മറ്റു വികസനപ്രവൃത്തികളും ഉടന്‍ നടപ്പാക്കും.ഓരോ കുടുംബത്തിന്റെയും കൈവശമുള്ള രേഖകളെല്ലാം സ്വരൂപിച്ച് പ്രമോട്ടര്‍മാര്‍ വഴി ബന്ധപ്പെട്ട പട്ടികവര്‍ഗ ക്ഷേമ ഓഫീസില്‍ എത്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഊരുമൂപ്പന്‍ കൃഷ്ണന്‍ പറഞ്ഞു.

കവിളുപാറയിലെ ആദിവാസികളും ഭൂമി കൈയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി  ഊരുമൂപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുടിയിറക്കല്‍ നോട്ടീസ് നല്കി പേടിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഉറപ്പുകള്‍ നല്കി ഈ പാവങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. 2009 ഡിസംബറില്‍ വനാവകാശ നിയമപ്രകാരം വനംവകുപ്പും പട്ടികവര്‍ഗ ക്ഷേമവകുപ്പും കളക്ടറുമൊക്കെയായി ഇവര്‍ക്ക് നല്കിയ ഭൂമിയില്‍നിന്ന് ഇറങ്ങിപോകണമെന്നാവശ്യപ്പെട്ടായിരുന്നു ഒരുമാസംമുമ്പ് വനംവകുപ്പ് നോട്ടീസ് നല്കിയിരുന്നത്. ഇതിനെതിരേ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധവുമായപ്പോള്‍ നടപടി മരവിപ്പിച്ചു.

ഡിഎഫ്ഒ ഓഫീസിലേക്ക് സമരം നടത്തിയവര്‍ക്കെതിരേ കേസെടുക്കാനും നീക്കമുണ്ടായി. പൂര്‍വികരായി മലയില്‍ കഴിയുന്ന കവിളുപ്പാറയിലെ ആദിവാസികള്‍ക്കെതിരേയായിരുന്നു ഈ നടപടികളെല്ലാം. 34 കുടുംബങ്ങളുള്ള കോളനിയില്‍ താമസയോഗ്യമായ വീടുള്ളവര്‍ ഏതാനുംപേര്‍ക്കു മാത്രമാണ്.പലരുടെയും വീടുകള്‍ പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിയതും തറപണിയില്‍ ഒതുങ്ങിയതുമൊക്കെയാണ്. വേനലില്‍ കുടിവെള്ളംപോലും കിട്ടാന്‍ വഴിയില്ലാത്ത ഇവിടെ വീടുനിര്‍മാണത്തിന്റെ പ്രധാന തടസം ജലക്ഷാമമാണ്. മഴക്കാലത്ത് വീടുനിര്‍മിക്കാമെന്നു വച്ചാല്‍ വീടുനിര്‍മിക്കുന്ന സ്ഥലത്തേക്ക് കല്ലും മറ്റും എത്തിക്കാനും കഴിയില്ല.

ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഏജന്‍സിയെകൊണ്ട് വീടുനിര്‍മാണം നടത്താതെ കോളനിയിലെ പാര്‍പ്പിടപ്രശ്‌നത്തിന് പരിഹാരം കാണാനാകില്ലെന്നതാണ് വസ്തുത.2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് നാലിന് ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ കോളനിയില്‍ പരാതി പരിഹാക അദാലത്ത് നടന്നിരുന്നു. വനം, വൈദ്യുതി, പഞ്ചായത്ത്, റവന്യൂ തുടങ്ങി ജില്ലയിലെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളും അന്നത്തെ അദാലത്തിന് എത്തിയിരുന്നു. അന്ന് ആദിവാസികള്‍ നല്കിയ പ്രധാന പരാതികളിലൊന്ന് കുടിവെള്ളക്ഷാമവും വീടുനിര്‍മാണവുമായിരുന്നു.

ഈ രണ്ടു പ്രധാന ആവശ്യത്തിനും ഇനിയും പരിഹാരമായില്ല. കുടിവെള്ളത്തിനായി രണ്ടുമൂന്നു ബോര്‍വെല്ലുകള്‍ പലയിടത്തായി കുഴിച്ച് അതിലൊന്നും വെള്ളമില്ലാതെ ലക്ഷങ്ങള്‍ പാഴാക്കി. കോളനിക്കു താഴെ കാട്ടുചോലയില്‍ ഏതുവേനലിലും വറ്റാത്ത ഉറവയുണ്ട്. ഇത് നന്നാക്കി മുകളിലേക്ക് പൈപ്പിട്ടാല്‍ കുടിവെള്ളക്ഷാമം തീരുമെന്ന് ആദിവാസികള്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാതെയാണ് മലമുകളില്‍ കോളനിയില്‍നിന്നും മാറി പലയിടത്തായി ബോര്‍വെല്ലുകള്‍ കുഴിച്ച് ഫണ്ട് ദുര്‍വ്യയം നടത്തിയത്. ബോര്‍വെല്ലുകളിലൊന്നും വെള്ളവും കിട്ടിയില്ല. ഇപ്പോള്‍ ആദിവാസികള്‍ കാണിച്ചുകൊടുത്ത കുടിവെള്ളപദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ആലോചന.

Related posts