മുഖ്യമന്ത്രിയെ വിസ്മയിപ്പിച്ച് അഞ്ചാംക്ലാസിലെ ചിത്രപ്രതിഭ

fb-pinaraipaintingവടകര: മാഹി മലയാള കലാഗ്രാമം 22-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പണറായി വിജയന് വേറിട്ട സമ്മാനവുമായാണ് അഴിയൂര്‍ കല്ലാമല യുപി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അബാന്‍ ശാമില്‍ എത്തിയത്. സ്വന്തം കൈകളാല്‍ ജലച്ചായത്തില്‍ രചിച്ച പിണറായിയുടെ ജീവസുറ്റ ഫോട്ടോ. നിറഞ്ഞ പുഞ്ചിരിയോടെ ശാമില്‍ നിന്നു മുഖ്യമന്ത്രി സമ്മാനം സ്വീകരിച്ചു. കുട്ടിയുടെ രചനാവൈഭവം മുഖ്യമന്ത്രിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും വിസ്മയമായി.

ഈ പ്രായത്തിനിടയില്‍ ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ പ്രതിഭയാണ് അബാന്‍ ശാമില്‍. 2015ല്‍ ഒഡീസിയ വൈഎംസിഎ ചിത്രരചനാ മത്സരത്തിലും 2016ലെ മാതൃഭൂമി വികെസി നന്മ ചിത്രരചനാ മത്സരത്തിലും സംസ്ഥാനതലത്തില്‍ കേഷ് അവാര്‍ഡ് നേടിയിട്ടുണ്ട്. 2014ല്‍ വടകര എഫാസ് നടത്തിയ അഖിലകേരള ചിത്രരചനാ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു അബാന്‍ ശാമില്‍.

കുഞ്ഞു നാളിലേ ചിത്രകല അഭ്യസിക്കുന്ന ശാമിലിന്റെ ആദ്യഗുരു പ്രശസ്ത ചിത്രകാരന്‍ മധു മടപ്പള്ളിയാണ്. തുടര്‍ന്നു തലശേരി സ്കൂള്‍ ഓഫ് ആര്‍ട്‌സിലും ഇപ്പോള്‍ മാഹി മലയാള കലാഗ്രാമത്തിലുമാണ് ചിത്രകല അഭ്യസിക്കുന്നത്. പഠനത്തിലും കഥാരചനയിലും കഴിവുതെളിയിച്ച ശാമില്‍ കഴിഞ്ഞ വര്‍ഷം എല്‍എസ്എസ് ജേതാവായിരുന്നു്. അഴിയൂര്‍ ജെഎംജെബി സ്കൂള്‍ പ്രധാനാധ്യാപകന്‍ കരുവോത്തുതാഴ അബ്ദള്‍ സലാമിന്റെയും കല്ലാമല യുപി സ്കൂള്‍ അധ്യാപിക ഷെറീനയുടെയും മകനാണ്.

Related posts