കൊച്ചി: വധശ്രമക്കേസിൽ അറസ്റ്റിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വീകരണം നൽകിയ സംഭവത്തിൽ പ്രതിയെ ജയിലിലേക്കു കൊണ്ടുപോയ പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി.
ആർഷോയുമായി ജയിലിലേക്കു പോയ എറണാകുളം സെൻട്രൽ എസിപി ഓഫീസിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് വകുപ്പുതല നടപടി ഉണ്ടാകുക.
കഴിഞ്ഞ 12-ന് ജയിലിനു മുന്നിൽ സഹപ്രവർത്തകരാണ് ആർഷോയ്ക്ക് രക്തഹാരമണിയിച്ച് അഭിവാദ്യം ചെയ്തത്. സംഭവവം വിവാദമായതോടെ ഡിസപി വി.യു. കുര്യാക്കോസിനോട് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ച സ്ഥിരീകരിച്ചുള്ള റിപ്പോർട്ടാണ് വ്യാഴാഴ്ച ഡിസിപി കമ്മീഷണർക്കു കൈമാറിയത്.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കു സ്വീകരണം നൽകാനുള്ള എസ്എഫ്ഐ പ്രവർത്തകരുടെ ശ്രമം പോലീസുകാർക്കുണ്ടായിരുന്നുവെന്നും അതു ചെയ്യാതിരുന്നതു ഗുരുതരവീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2018ൽ എറണാകുളം ലാ കോളജ് വിദ്യാർഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാമുദ്ദീനെ അക്രമിച്ച കേസിൽ കഴിഞ്ഞ 12-നാണ് ആർഷോ അറസ്റ്റിലായത്.
കോടതി റിമാൻഡ് ചെയ്ത ആർഷോയെ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. നിസാമുദ്ദീനെ മർദ്ദിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ആർഷോയെ അറസ്റ്റിലായത്.