സിപിഎമ്മിനെ പ്രകോപിപ്പിച്ചു സിപിഐ; മുന്നണിബന്ധം ഉലയുന്നു

ALP-CPIMആലുവ: വി.എസ്. അച്യുതാനന്ദനെ സിപിഐ വേദിയിലേക്കു ക്ഷണിച്ചു വരുത്തിയതും സ്വീകരണം നല്‍കിയതും ജില്ലയിലെ സിപിഎം-സിപിഐ പോരിനു മൂര്‍ച്ച കൂട്ടുന്നു. സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫ് കൊച്ചിയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണു കഴിഞ്ഞ ദിവസം വി.എസ് പങ്കെടുത്തത്. ഇതിനായി ട്രെയിനില്‍ ആലുവയിലെത്തിയ വി.എസിന് സിപിഐയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്വലസ്വീകരണമാണ് ഒരുക്കിയത്.

സിപിഐയുടെ ഈ നടപടികള്‍ കരുതിക്കൂട്ടിയാണെന്നാണു സിപിഎം വിലയിരുത്തല്‍. ഇതില്‍ സിപിഎം നേതൃത്വം രോഷത്തിലുമാണ്. ആലുവയിലെത്തിയ വി.എസിനെ സിപിഐ ആലുവ ലോക്കല്‍ സെക്രട്ടറി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചപ്പോള്‍ സിപിഎമ്മിന്റെ സാദാ പ്രവര്‍ത്തകര്‍ പോലും പരിസരത്തുണ്ടായിരുന്നില്ല. പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു സിപിഐ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയതെന്നു സിപിഎം കരുതുന്നു.

ഇരു പാര്‍ട്ടികളും പരസ്പരം അണികളെ അടര്‍ത്തിയെടുക്കുകയും വാക്‌പോര് നടത്തുകയും ചെയ്യുന്നതിനിടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ വി.എസ് സിപിഐയുടെ വേദിയിലെത്തിയതില്‍ സിപിഎമ്മിനകത്തും അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ വി.എസ് പങ്കെടുത്തതില്‍ തെറ്റില്ലെന്ന് സിപിഎം നേതൃത്വം സമ്മതിക്കുന്നുണ്ടെങ്കിലും പോരിനിടെ സിപിഐയ്ക്കു മുന്‍തൂക്കം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നെന്നാണു വിലയിരുത്തുന്നത്.

ആലുവ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അടുത്തിടെ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നിരുന്നു. ഉദയംപേരൂരില്‍ പാര്‍ട്ടി വിട്ട് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേക്കറിയതോടെ തുടങ്ങിയ കലഹം ഇടതുമുന്നണിയില്‍ അനുദിനം വഷളാവുകയാണ്. അതിനിടെ തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ് സിപിഐയെ പരിഹസിച്ചതു മുന്നണി ബന്ധം കൂടുതല്‍ മോശമാക്കിയിട്ടുണ്ട്. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഒരു സിപിഐക്കാരനെ കാണണമെങ്കില്‍ മലപ്പുറത്തുനിന്നു തൃശൂരിലെത്തെണമായിരുന്നെന്നും ഈ അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ലെന്നുമായിരുന്നു സ്വരാജിന്റെ വിവാദ പ്രസ്താവന.

Related posts