കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാമില്‍ ഇനിമുതല്‍ ഉല്ലാസത്തിനൊപ്പം ഊര്‍ജവും പ്രസരിക്കും. അണക്കെട്ട് റോഡില്‍ വൈദ്യുതിയും ടൂറിസവും ലക്ഷ്യംവച്ച് സ്ഥാപിച്ച സോളാര്‍ പാനല്‍ സംവിധാനത്തിന്‍െറ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ബാണാസുര സാഗര്‍ ഡാമില്‍നിന്നും വൈദ്യുതോര്‍ജം പ്രവഹിച്ചുതുടങ്ങുക. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. 4.293 കോടി രൂപമുടക്കിയ പദ്ധതിയാണ് പ്രവര്‍ത്തന സജ്ജമായത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പാനലാണ് റോഡിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചത്.
285 മീറ്റര്‍ നീളത്തില്‍ 1760 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. ഇവ ഓരോന്നും 250 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. ഈ വൈദ്യുതി ഉപയോഗപ്പെടുത്താന്‍ പടിഞ്ഞാറത്തറയില്‍ 33 കെവി സബ് സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒമ്പത് ഇന്‍വെര്‍ട്ടറുകള്‍, സൂപ്പര്‍വൈസറി കണ്ട്രോള് ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ സംവിധാനം എന്നിവയും തയാറാക്കിയിട്ടുണ്ട്. 50 കിലോവാട്ട് ശേഷിയുള്ള ഇന്വെര്ട്ടറുകളാണിവ.
ആദ്യഘട്ടം വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇതേ മാതൃകയില്‍ 600 കിലോവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ആലോചനയിലാണ് കെഎസ്ഇബി. വെള്ളത്തിനു മുകളില്‍ കെഎസ്ഇബി സ്ഥാപിച്ച 10 കെവി ഫ്ളോട്ടിംഗ് സോളാര്‍ പവര്‍പ്ലാന്റ് നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍ക്കൂരപോലെ സ്ഥാപിച്ച സോളാര്‍ പൊരിവെയിലില്‍ നട്ടംതിരിയുന്ന വിനോദ സഞ്ചാരികള്‍ക്ക് തണലേകുകയും ചെയ്യും. കെല്‍ട്രോണാണ് സോളാര്‍ പാനല്‍ നിര്‍മിക്കുന്നത്. പ്രോജക്ട് എന്‍ജിനീയര്‍ ബി. സുധി, അസീസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.