വെറുതെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ചെന്നുനോക്കു. ആയുര്‍വേദ ഉത്തേജക മരുന്നുകളുടെ പത്തു പോസ്റ്റര്‍ എങ്കിലും അവിടെ ഒട്ടിച്ചിരിക്കുന്നതു കാണാം. ലേഹ്യമായും ലേപനമായും ഗുളികരൂപത്തിലും തൈലമായും ഒക്കെ ഉപയോഗിക്കാവുന്നവ. ഇതു കണ്ടാല്‍ തോന്നും കേരളം ലൈംഗികശേഷിയില്ലാത്തവരുടെ കൂട്ടായ്മയാണെന്ന്.
ഇനി മെഡിക്കല്‍ ഷോപ്പ് ഉടമയോടു ചെറുതായൊന്നു ലോഹ്യം ചോദിച്ചു നോക്കൂ. പോസ്റ്റര്‍ പതിപ്പിക്കാത്ത മറ്റു പത്തു ഔഷധങ്ങളുടെ പേരുകളെങ്കിലും അയാള്‍ പറയും. ഇവയുടെ വില്പന കണക്കുകള്‍ കൂടി കേട്ടാല്‍ അറിയാതെ തലയില്‍ കൈവച്ചുപോകും. എല്ലാ ഔഷധങ്ങളും നന്നായി വിറ്റുപോകുന്നു. മികച്ച കമ്മീഷന് ലഭിക്കുന്നു. ഔഷധ കമ്പനികള്‍ കോടികളുടെ ടേണ്‍ ഓവര്‍ നേടുന്നു.
ആയുര്വേദവിപണിയില് ഏറ്റവും അധികം ആവശ്യക്കാരുള്ളത് ഉത്തേജക ഔഷധങ്ങള്‍ക്കാണ്. മുടി വളര്‍ത്തുന്ന എണ്ണകള്ക്കുപോലും ഇതിനു പിന്നിലാണു സ്ഥാനമെന്നു വില്പന കണക്കുകള്‍ പറയുന്നു. ഉത്തേജക ഔഷധങ്ങള്‍ ഉപയോഗിച്ചു ലഭിക്കുന്ന ഫലത്തേക്കാള്‍ ഔഷധം മനസിനു നല്കുന്ന ആത്മവിശ്വാസമാണ് ഗുണം ചെയ്യുന്നതെന്നു പറയുന്നവരും കുറവല്ല. എന്നാല്‍ ഇത്തരം ഔഷധം ഉപയോഗിച്ചിട്ടും ഫലം ലഭിച്ചില്ലെന്ന് ആരും പരാതിയുമായി വരില്ലെന്ന ധൈര്യമാണ് ഔഷധനിര്‍മാതാക്കളുടെ ആത്മവിശ്വാസത്തിനു ആധാരം.
ഉത്തേജക ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ വാജീകരണ വിഭാഗത്തിലാണു ഉള്‍പ്പെടുന്നത്. വാജീകരണ ഔഷധങ്ങളെക്കുറിച്ചു അയുര്‍വേദ ഗ്രന്ഥങ്ങള്‍ ധാരാളമായി പറയുന്നുണ്ട്.
ലൈംഗികതയെ തിരിച്ചറിയുക
അനേകം ശാരീരികപ്രവര്‍ത്തനങ്ങളില്‍ നമ്മള് ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒന്നാണു ലൈംഗികശേഷി. ഈ ശാരീരിക പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മനസിലാക്കിയതുകൊണ്ടു തന്നെ വിപണിയില്‍ എളുപ്പവഴികളെന്നോണം ആയുര്‍വേദ ഔഷധങ്ങളും സുലഭം. എന്നാല്‍ ലൈംഗികശേഷി മരുന്നുകൊണ്ടു മാത്രം എളുപ്പ ത്തില്‍ നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല എന്നാണ് ആയുര്‍വേദ ചികിത്സാവിധികള്‍ പറയുന്നത്.
ചിട്ടയായ ജീവിതവും ആരോഗ്യമുള്ള ശരീരവുമാണു ലൈംഗികശക്തിയുടെ അടിസ്ഥാനം. അതിനൊപ്പം ലൈംഗികമായ തൃഷ്ണയും ശേഷിയും കുറഞ്ഞവര്‍ക്കു ഔഷധങ്ങള്‍ കൊണ്ടു ലൈംഗികശക്തി വര്‍ധിപ്പിക്കുകയും ഉന്മേഷം വീണെ്ടടുക്കുകയും ചെയ്യുന്ന പ്രത്യേക ചികിത്സാവിഭാഗവും ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്.
മനസിലെ സമ്മര്‍ദം ഒഴിവാക്കാം
പുരുഷന്റെ ലൈംഗികശേഷിയും ലൈംഗികശക്തിയും തൃപ്തിയും ശുക്ളത്തിന്റെ അളവ്, ബീജത്തിന്റെ ചലനശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പല സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മാനസികമായ തൃപ്തിക്കുറവ്, ഇണയോടുള്ള താത്പര്യമില്ലായ്മ, മനസിന്റെ സംഘര്‍ഷം, ഭയം, ശോകം, ആത്മവിശ്വാസക്കുറവ്, ശാരീരികമായ അസുഖങ്ങള്‍, ലൈംഗികമായ അറിവില്ലായ്മ ഇവയെല്ലാം തന്നെ പുരുഷന്റെ ലൈംഗികപ്രകടനത്തെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.
വാജീകരണ ചികിത്സയിലൂടെ പുരുഷന്റെ ലൈംഗികപ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വിപരീതസാഹചര്യങ്ങളെ മറികടക്കാനും വീണെ്ടടുത്ത ഉന്മേഷത്തോടെ പങ്കാളിയുമായി ലൈംഗികജീവിതം ആസ്വദിക്കുന്നതിനും സാധിക്കുന്നു.
ഹോര്‍മോണ്‍ വ്യതിയാനം വില്ലനാവാം
പുരുഷന്റെ ലൈംഗിക ബലഹീനതയുടെ കാരണങ്ങളില്‍ മിക്കവയും സ്ത്രീയുടെയും ലൈംഗികശേഷിയെ ബാധിക്കുന്നവയാണ്. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സ്ത്രീകളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാം.
ആന്തരികവും ബാഹ്യവുമായ ലൈംഗികാവയവങ്ങളുടെ വികാസം സ്ത്രീകളുടെ ലൈംഗികശേഷിയില് പ്രധാനമാണ്. ഇതു പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് ആര്‍ത്തവവുമായാണ്. ആര്‍ത്തവം യഥാസമയത്തു തുടങ്ങുകയും ക്രമീകൃതമായിരിക്കുകയും വേണം. ലൈംഗികമായ താത്പര്യം, ശേഷി എന്നിവയില്‍ സ്ത്രീകള്‍ക്കു പ്രകടമായ കുറവു വരുന്ന ഘട്ടമാണ് ആര്‍ത്തവവിരാമഘട്ടം.
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഹാരത്തിലുള്ള ക്രമീകരണത്തില്‍ ശ്രദ്ധിക്കണം. ആഹാരം കൊണ്ടു പ്രശ്നം പരിഹരിക്കാനാകുന്നില്ലെങ്കില്‍ വാജീകരണചികിത്സ സ്ത്രീകള്‍ക്കും ആവശ്യമായി വരും.
വാജീകരണചികിത്സയും ഉത്തേജക ഔഷധങ്ങളും
വാജീകരണചികിത്സയുടെ പ്രധാനലക്ഷ്യം ആരോഗ്യവാനായ ശിശുവിനു ജന്മം നല്‍കുക എന്നതാണ്. ശുക്ലത്തിന്റെ ഗുണവും അളവും വര്‍ധിപ്പിക്കുക, അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, അതിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക, അതോടൊപ്പം ലൈംഗികജീവിതം ആസ്വദിക്കുക ഇവയെല്ലാമാണ് ഈ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
വാജീകരണൗഷധങ്ങള്‍ എല്ലാം തന്നെ ഓജസ്സിനെ വര്‍ധിപ്പിക്കുന്നവയാണ്. അതുവഴി പ്രതിരോധശക്തിയെ കൂട്ടുന്നതിനും ഈ ചികിത്സ സഹായിക്കുന്നു. ഈ ചികിത്സയ്ക്ക് മുന്‍പായി രോഗിക്കു ശരീരശുദ്ധി വരുത്തുത്തേണ്ടതുണ്ട്. വമനം, വിരേചനം, വസ്തി, മുതലായ ശോധനചികിത്സകള്‍ കൊണ്ട് ശരീരത്തെ ശുദ്ധി ചെയ്തശേഷം വേണം വാജീകരണൗഷധങ്ങള്‍ പ്രയോഗിക്കുവാന്‍. ശോധനക്രിയയില് കഷായവസ്തി വാജീകരണ ഔഷധങ്ങള്‍ ചേര്‍ത്ത് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. ആഹാരത്തില്‍ മാറ്റം വരുത്തിയും മറ്റു ലളിതമായ രീതിയിലും വാജീകരണം സാധ്യമാണ്. അതിനു മധുരരസമുള്ളതും, സ്നിഗ്ദ്ധമായതും (ീശഹ്യ), പുഷ്ടിയെ ഉണ്ടാക്കുന്നതും, മനസിനെ ആഹ്ളാദിപ്പിക്കുന്നതുമായ ദ്രവ്യങ്ങളെല്ലാം തന്നെ വാജീകരണത്തിന് ഉപയോഗിക്കാം.
വാജീകരണ ഔഷധങ്ങള്‍: ആരോഗ്യവും ആത്മവിശ്വാസവും
ലൈംഗികതൃഷ്ണ, ഉത്തേജനം ഇവയെ മാത്രം ലക്ഷ്യം വച്ചല്ല വാജീകരണ ഔഷധങ്ങളെ ആയുര്‍വേദശാസ്ത്രം വിവരിക്കുന്നത്. ജരാനരകളെ അകറ്റി യൗവനത്തെ നിലനിര്‍ത്തുക, രോഗപീഡകളെ അകറ്റി നിറുത്തുക, ഭൗതികസുഖങ്ങളെ ആസ്വദിക്കത്തക്ക വിധത്തില്‍ ശരീരത്തെ ശക്തിപ്പെടുത്തുക, അതോടൊപ്പം ആരോഗ്യവും ബുദ്ധിയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക ഇതെല്ലാമാണ് ഈ ചികിത്സയുടെ ഗുണഫലമായി ആയുര്‍വേദം വിലയിരുത്തുന്നത്.
ശ്രദ്ധിച്ചുമാത്രം ഔഷധം
വാജീകരണചികിത്സയും വാജീകരണ ഔഷധങ്ങളും വൈദ്യസഹായത്തോടെ മാത്രം സ്വീകരിക്കേണ്ട ചികിത്സയാണ് . വൈദ്യനിര്‍ദേശം കൂടാതെ പരസ്യത്തില്‍ മാത്രം വിശ്വസിച്ച് ഒരിക്കലും ഉത്തേക ഔഷധങ്ങള്‍ ഉപയോഗിക്കരുത്. അവ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. വാജീകരണ ഔഷധങ്ങള്‍ എന്ന് ആധുനിക വൈദ്യശാസ്ത്രം വിധിക്കുന്ന പല ഔഷധങ്ങളും ആരോഗ്യപരമായി ഉപയോഗിക്കുവാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഇത്തരം മരുന്നുകള്‍ ആദ്യകാലത്ത് ഉത്തേജനം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലത്തെ ഉപയോഗം രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്ക്കെല്ലാം കാരണമാകും. കാലക്രമേണ ഇവ ലൈംഗികശേഷിയെ തന്നെ ബാധിക്കും. ഇവയുടെ പാര്‍ശ്വഫലങ്ങള്‍ മറ്റു രോഗാവസ്ഥകളില്‍ കൊണെ്ടത്തിക്കുകയും ചെയ്യും. അതിനാല്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഉത്തേജന ഔഷധങ്ങള്‍ അപകടമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവ ഉപയോഗിക്കുന്നതിന് മുമ്പു വൈദ്യോപദേശം സ്വീകരിക്കുകയും അതനുസരിച്ച് അവനവന് അനുയോജ്യമായ ഔഷധം തെരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം.
ഡോ.ആര് രവീന്ദ്രന് ബിഎഎംഎസ്
അസി.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ദി ആര്യവൈദ്യ ഫാര്‍മസി
(കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം.