ജോമി കുര്യാക്കോസ്
പുതുപ്പള്ളി: പുതുപ്പള്ളിക്കാര്‍ക്ക് ഇക്കുറി ഓണം സ്പെഷലാണ്. ഓണാഘോഷം വോട്ടാഘോഷമായി മാറും. പട്ടണത്തിന്റെ പ്രൗഢിയില്ല; വ്യവസായ ശാലകളുമില്ല, എങ്ങും കൃഷിയുടെ പച്ചപ്പ് മാത്രം! നെല്ലു മുതല്‍ ജാതിയും റബറും കുരുമുളകും പച്ചക്കറിയുമൊക്കെ ഒരുപോലെ വിളയുന്ന പുതുപ്പള്ളിപോലെ മറ്റൊരു മണ്ഡലമില്ല.
നന്മയും സത്യവുള്ളവരാണു പുതുപ്പള്ളിക്കാർ. പറഞ്ഞു പാട്ടിലാക്കാമെങ്കിലും അങ്ങനെയൊന്നും പറ്റിക്കാനാവില്ലെന്നു സ്ഥാനാര്‍ഥികള്‍ക്കും നന്നായി അറിയാം. അതിനാല്‍ ഓരോരുത്തരെയും കണ്ടു വോട്ട് ചോദിക്കുകയാണു മുന്നണി സ്ഥാനാര്‍ഥികളായ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും.
സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മുമ്പേ നടന്ന ചാണ്ടി ഉമ്മന്‍ ഇന്നലെയാണു പത്രിക സമര്‍പ്പിച്ചത്. രാവിലെ അമ്മ മറിയാമ്മ ഉമ്മനും സഹോദരി അച്ചു ഉമ്മനുമൊപ്പം വീട്ടില്‍നിന്ന് പുതുപ്പള്ളി പള്ളിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചശേഷം പത്രിക സമര്‍പ്പിക്കാൻ പാമ്പാടി ബിഡിഒ ഓഫീസിലേക്കു തിരിച്ചു.
പള്ളിക്കത്തോട് ജംഗ്ഷനില്‍നിന്നു പ്രകടനമായി ബിഡിഒ ഓഫീസിലേക്ക്. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പത്രിക സമര്‍പ്പണത്തിന്റെ തനിയാവര്‍ത്തണം. പ്രതിപക്ഷത്തിനു മേല്‍ക്കൈ നേടാനുള്ള അവസരം കളയാതെ യുഡിഎഫ് ഇന്നലെയും ശ്രമിച്ചു.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനുനേരേ കണ്ണൂരില്‍ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി. നസീറിന്റെ മാതാവ് ആമിന ബീവിയില്നിന്നു കെട്ടിവയ്ക്കാനുള്ള തുക വാങ്ങി. നാല് സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ചത്.
ഇന്നു രാവിലെ അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള പ്രചാരണം ആരംഭിച്ചു.സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ കളത്തിലിറങ്ങി വോട്ടുതേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പത്രിക സമര്‍പ്പണത്തിന് ചിങ്ങം പുലരാന്‍ നോക്കിയില്ല.
കര്‍ക്കടകത്തിന്റെ അവസാനദിവസം ജെയ്ക് സി. തോമസ് കോട്ടയം ആര്‍ഡിഒ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കാനും സമയം കണ്ടെത്തി.വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഇന്നും ജെയ്ക്. പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളിലെ വോട്ടര്‍മാരെയാണ് ഇന്നു കാണുന്നത്.
കോവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം നാടിന്റെ ഒരോ മേഖലയിലും ഡിവൈഎഫ്ഐ വോളന്റിയറായി എത്തിയ ജെയ്ക്കിനു പ്രചാരണത്തിന്റെ നടത്തവും കറക്കവുമൊന്നും പ്രശ്നമല്ല.എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ചിങ്ങപ്പുലരിയിലാണു പത്രിക സമര്‍പ്പിച്ചത്.
പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കാല്‍നടയായി എത്തിയായിരുന്നു പത്രിക സമര്‍പ്പണം. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും പാമ്പാടി ബിഡിഒയുമായ ഇ. ദില്‍ഷാദിന് രണ്ടു സെറ്റ് പത്രിക കൈമാറി. ഇന്നു കൂരോപ്പട, ളാക്കാട്ടൂര്‍ മേഖലയില്‍ പ്രചാരണം നടത്തും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ പത്തു പേരാണു ആകെ സമര്‍പ്പിച്ചത്. ഇന്നു സൂക്ഷ്മ പരിശോധന നടക്കും.