എസ്.ആർ. സുധീർ കുമാർ
കൊല്ലം: മുന്നാക്ക വികസന കോർപറേഷന്റെ ചെയർമാൻ സ്ഥാനം ഏകപക്ഷീയമായി സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു.
കേരള കോൺഗ്രസ് – ബിയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് ഇതുസംബന്ധിച്ച ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. രാത്രി വൈകിയാണ് ഉത്തരവ് മരവിപ്പിക്കാനുള്ള നിർദേശമെത്തിയത്.
കേരള കോൺഗ്രസ്- ബി സംസ്ഥാന വൈസ് പ്രസിഡനന്റ് കെ.ജി. പ്രേംജിത്തായിരുന്നു കോർപറേഷൻ ചെയർമാൻ. തിങ്കളാഴ്ച വൈിട്ടാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം സിപിഎം പ്രതിനിധി എം. രാജഗോപാലൻ നായരെ നിയമിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് സംബന്ധിച്ച് കേരള കോൺഗ്രസ്- ബി നേതൃത്വത്തിന് ഒരു അറിവും ഉണ്ടായിരുന്നില്ല. പാർട്ടിയെ അറിയിക്കാതെയാണ് അസാധാരണ നടപടി ഉണ്ടായതെന്നും നേതാക്കൾ സൂചിപ്പിച്ചു.
കേരള കോൺഗ്രസ്-ബി നേതൃത്വം ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെത്തുടർന്ന് ഉത്തരവ് മരവിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം
. തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ്കുമാർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് കത്ത് നൽകുകയും ചെയ്തു.
തങ്ങളോട് ആലോചിക്കാതെ ചെയർമാനെ മാറ്റിയ കാര്യം അടുത്ത എൽഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ്- ബി ഉന്നയിക്കും എന്നാണ് വിവരം.
അടുത്തിടെയായി സിപിഎം-കേരള കോൺഗ്രസ്-ബി ബന്ധത്തിൽ അകലം ഉണ്ടായിട്ടുണ്ട്. ഗണേഷ് കുമാർ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ചതുതന്നെ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ചെറുകക്ഷികളെ പിണക്കുന്നത് മുന്നണിയെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായം സിപിഎമ്മിലുമുണ്ട്.
ഈ തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചത് എന്നറിയുന്നു. ഈ വിഷയത്തിൽ കേരള കോൺഗ്രസ് – ബി നേതാക്കൾ പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരേ കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേയും ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചിരുന്നു.
മിത്ത് വിവാദത്തിൽ സർക്കാരിനെതിരേ പരസ്യ പ്രതിഷേധവുമായി എൻഎസ്എസ് രംഗത്തുവന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിവസം മുന്നാക്ക വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം സിപിഎം ധാരണ കൂടാതെ ഏറ്റെടുത്താൽ വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി അടിയന്തര ഇടപെടൽ നടത്തിയത്.
നിലവിൽ കേരള കോൺഗ്രസ്- ബി ചെയർമാൻ ഗണേഷ്കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമാണ്.