പുരാവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചു വെക്കാനിഷ്ടമുള്ളവർ നമുക്കിടയിലുണ്ട്. ചിലർ അവ എന്ത് വില കൊടുത്തും അത് വാങ്ങാറുണ്ട്.
എന്നാൽ ചിലരാകട്ടെ അതിന്റെ മൂല്യം അറിയാതെ മറിച്ചു വിൽക്കാറുമുണ്ട്. അത്തരത്തിൽ വിൽപന നടത്തി അബദ്ധം സംഭവിച്ച ദമ്പതികളുടെ കാര്യം വാർത്ത ആയി.
വളരെ വില കൂടിയ മാസ്ക് അതിന്റെ മൂല്യം അറിയാതെ ദമ്പതികൾ ആർട് ഡീലർക്ക് വിറ്റു.13000 രൂപക്കാണ് മാസ്ക് വിറ്റത്.
എന്നാൽ അതിന്റെ യഥാർത്ഥ വില 36 കോടി ആയിരുന്നു. ആർട് ഡീലർക്ക് ആ മാസ്കിന്റെ യഥാർത്ഥ വില അറിയാമായിരുന്നു.എന്നാൽ കച്ചവടം ഉറപ്പിക്കുന്ന സമയം വില അയാൾ മറച്ചു വെച്ചു.
2021ൽ വീട് വൃത്തിയാക്കുന്നതിനിടയിലാണ് ദമ്പതികൾക്ക് വീട്ടിൽ നിന്ന് എൻജിൽ ആഫ്രിക്കൻ മാസ്ക് ലഭിച്ചത്. വിവാഹത്തിനും ശവസംസ്കാരത്തിനുമാണ് ഗാബോണിലെ ഫാങ് ജനങ്ങൾ ഈ ആഫ്രിക്കൻ മാസ്ക് ഉപയോഗിച്ചിരുന്നത്.
ദമ്പതികൾ മിസ്റ്റർ Z എന്നറിയപ്പെടുന്ന ആർട്ട് ഡീലർക്ക് 129 പൗണ്ടിന് മാസ്ക് വിറ്റു.
എന്നാൽ മാസങ്ങൾക്ക് ശേഷം ഒരു പത്ര വാർത്തയിലൂടെ ആർട്ട് ഡീലർ മോണ്ട് പെല്ലിയറിൽ നടന്ന ലേലത്തിൽ 3.6 മില്യൺ പൗണ്ടിന് മാസ്ക് വിറ്റതായി ദമ്പതികൾ വായിച്ചു.
തങ്ങൾക്ക് ചതി പറ്റിയതാണെന്ന് മനസിലാക്കിയ ഇവർ ഉടൻ തന്നെ ആർട് ഡീലർക്കെതിരെ കേസ് കൊടുത്തു.കേസ് നിലവിൽ പുരോഗമിക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്ന് മാസ്ക് എന്ന് കോടതി രേഖകൾ പറയുന്നു. ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് അപൂർവമായി ആണ് ഈ മാസ്ക് കാണുന്നത്.