രാമപുരം: പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ചേര്‍ന്ന് കട്ട ചുമന്നു, സിമന്റ് കുഴച്ചു, പാവപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയായി വരുന്നു.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ കൈമെയ് മറന്ന് പണിയെടുത്തപ്പോള്‍ പാഠപുസ്തകത്തിലേതല്ലാതുള്ള കരുണയുടെ പുതിയ മുഖം ഉയര്‍ന്നുവരികയാണ്.
പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, ഫാ. ജോമോന് മാത്യു പറമ്പില്‍തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണത്തിന് ആവശ്യമായുള്ള സിമന്റ് കട്ടകൾ ചുമന്ന് പണിസ്ഥലത്തെത്തിച്ചത്.
ഇതോടൊപ്പം വാര്‍ക്കയ്ക്ക് ആവശ്യമായുള്ള കോണ്‍ക്രീറ്റ് മിശ്രിതം കുഴച്ച് അതും തലച്ചുമടായി പണിസ്ഥലത്തെത്തിച്ചത് കൗമാരത്തിന്റെ കാരുണ്യ കൈകള്‍തന്നെ.
സ്കൂളിലെ ഒൻപത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഏഴാച്ചേരിയില്‍ പുത്തന്‍ വീട് നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്നത് സ്വപ്നമായിരുന്നു.
സ്ഥിരവരുമാനം ഇല്ലാത്ത മാതാപിതാക്കള്‍ക്ക് അതു സ്വപ്നം കാണാന്‍പോലും സാധിച്ചിരുന്നില്ല. കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടിലെ ദൈനംദിന ചെലവുകളും നടത്തിക്കൊണ്ടു പോവുക ഇവര്‍ക്ക് ദുഷ്കരമായിരുന്നു.
ഈ സാഹചര്യത്തിലാണ് സ്കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാരായ കുട്ടികള്‍ സഹപാഠികള്‍ക്കായി വീട് നിര്‍മിച്ചുനല്‍കാമെന്ന ദൗത്യം ഏറ്റെടുക്കുന്നത്.
ഇതിനായി സ്വന്തമായി നിര്‍മിച്ച സോപ്പും ഫിനോള്‍ ലോഷനും കുട്ടികള്‍ രാമപുരത്തെ കടകളിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയും തുക കണ്ടെത്തി. കാരുണ്യ പ്രവൃത്തിക്ക് പണം സ്വരൂപിക്കുന്നതിന് കുട്ടികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാടൊന്നാകെ ഇത് ഏറ്റെടുക്കുകയായിരുന്നു.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിൻ കെ. അലക്സ്, പിടിഎ പ്രസിഡന്റ് സിബി മണ്ണാപറമ്പില്‍, ഫാ. ജോമോന് മാത്യു പറമ്പിത്തടത്തില് എന്നിവരുള്‍പ്പെടെ അധ്യാപകരും എന്‍എസ്എസ് വോളണ്ടിയര്‍മാരും വീട് നിര്‍മാണത്തില്‍ നേരിട്ട് പങ്കെടുക്കുകയായിരുന്നു.
നവംബര്‍ അവസാനത്തോടെ പുതിയ വീട്ടില്‍ സഹപാഠികള്‍ക്ക് വാസമൊരുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് എന്‍എസ്എസ് വോളണ്ടിയര്‍മാരും അവര്‍ക്ക് നേതൃത്വം നല്കുന്ന പ്രിന്‍സിപ്പലും അധ്യാപകരുമെല്ലാം.