കാലടി: മഞ്ഞപ്രയില്‍ ആറംഗ ഗുണ്ടാ സംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് കുറ്റിപ്പാറ സ്വദേശിയായ പൈനാടത്ത് സോമിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ കുറ്റിപ്പാറ സ്റ്റെനിലിനെ പോലീസ് തെരയുന്നുണ്ട്. അയ്യംമ്പുഴ കുറ്റിപ്പാറ പൊടിക്കാട്ട് അജീഷിനാണ്(31) വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി 7.30 ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിലെ മാര്‍ക്കറ്റിനു സമീപമാണ് സംഭവം നടന്നത്. മാര്‍ക്കറ്റിനു മൂന്വശമുളള കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന അജീഷിനെ ആറംഗ ഗുണ്ടാ സംഘം രണ്ടു ബൈക്കുകളായെത്തി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ അജീഷ് രക്ഷപ്പെടാനായി സമീപമുളള കടയിലേക്കു ഓടി കയറിയെങ്കിലും സംഘത്തിലെ രണ്ടു പേര് പിന്തുടര്ന്ന് ആയുധം ഉപയോഗിച്ച് തുടരെ വെട്ടുകയായിരുന്നു.
രക്തം വാര്‍ന്നു കിടന്ന അജീഷിനെ നാട്ടുകാരാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൈകള്‍ക്കും കാലിനും പുറത്തും വെട്ടേറ്റ് ഗുരുതരമായി നിലയിലായ അജീഷിനെ ഇപ്പോള്‍ ശസ്ത്രക്രിയക്കു വിധേയനാക്കിയിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല. അജിഷിനെ വെട്ടി പരിക്കേല്‍പ്പിക്കുന്നതിനു മുമ്പ് മഞ്ഞപ്ര ജംഗ്ഷനില്‍ പ്രതികള്‍ വടിവാള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും നാട്ടുകാര്‍ പറയുന്നു.
മഞ്ഞപ്രയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിനു കഴിഞ്ഞ ദിവസം കാലടിയില്‍ നടന്ന കൊലപാതക കേസുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. കൊലപാതകത്തില്‍ മരിച്ച സനലുമായി ഇപ്പോള്‍ ആക്രമണം നടത്തിയ സംഘത്തിനു ബന്ധമുണ്ടെന്നാണറിയുന്നത്.