കോഴിക്കോട്: ജാതി, മത ഭേദമില്ലാതെ ലോകമെന്പാടുമുള്ള മലയാളികളും വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർത്തപ്പോൾ സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീ (42) മിന്റെ മോചനത്തിനു വഴി തെളിഞ്ഞു. എപ്രിൽ 16നുള്ളിൽ ദയാധനമായി സൗദി ബാലന്റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ ഇന്നലെത്തന്നെ അബ്ദുൾറഹീമിന്റെ മോചനത്തിനായി രൂപീകരിച്ച അക്കൗണ്ടുകളിലെത്തി. ഈ തുക ഉടൻതന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കു മാറ്റും.
വിദേശകാര്യമന്ത്രാലയം ഈ തുക സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറും. ഇന്ത്യൻ എംബസി സൗദി കോടതി മുഖേന സൗദി ബാലന്റെ കുടുംബത്തിനു കൈമാറും. തുക എത്രയും പെട്ടെന്ന് കൈമാറി അബ്ദൂൾ റഹീമിന്റെ ജീവൻ രക്ഷിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട് പറഞ്ഞു.
സൗദിയിൽ ഈദ് അവധിയായതിനാൽ ഏപ്രിൽ 16നുള്ളിൽ 34 കോടി രൂപ സൗദി ബാലന്റെ കുടുംബത്തിനു കൈമാറാൻ കഴിയുമോ എന്ന് ഉറപ്പില്ല. എന്നാൽ, ആവശ്യപ്പെട്ടത്ര തുക സമാഹരിച്ചിട്ടുണ്ടെന്ന വിവരം എന്ത്യൻ എംബസി മുഖേന സൗദി കോടതിയെയും വീട്ടുകാരെയും അറിയിച്ച് മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും അദേഹം പറഞ്ഞു.
2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്സറുടെ മകന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്.
ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല. വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.
ധനസമാഹരണം ലക്ഷ്യത്തിലെത്തിയതറിഞ്ഞ് ഇന്നലെ വൈകുന്നേരം ജയിലിൽനിന്ന് അബ്ദുൾ റഹീം ഫോണിലൂടെ കെഎംസിസി ഭാരവാഹികളുമായും മാതാവ് ഫാത്തിമയുമായും അഞ്ചു മിനിറ്റോളം സംസാരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും ഒരിക്കലും മറക്കാനാവില്ലെന്നും അബ്ദുൾ റഹീം പറഞ്ഞു. സഹായിച്ചവരോട് അളവറ്റ നന്ദിയുണ്ടെന്നും എല്ലാവർക്കുമായി പ്രാർഥിക്കുന്നുവെന്നും ഫാത്തിമ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും ധനസമാഹരണം നടത്തിയത്. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ബോബി ചെമ്മണ്ണൂർ നൽകിയ ഒരു കോടി രൂപയും കൂടിയായപ്പോൾ മൊത്തം തുക 34 കോടി കവിഞ്ഞു.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി പ്രവർത്തിച്ച ട്രസ്റ്റിന്റെ കീഴിൽ സർവകക്ഷി ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയാണ് ധനസമാഹരണം ആരംഭിച്ചത്. അബ്ദുൾ റഹീമിന് വേണ്ടിയുള്ള പണസമാഹരണം സാധ്യമായത് മനുഷ്യ നന്മയുടെ വിജയമാണന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് മാതാവുമായും ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി.
അബ്ദുൾ റഹീമിന് ഉപജീവനമാർഗമായി ബോചെ ടീ ഷോപ്
അബ്ദുൾ റഹീം ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ അദേഹത്തിന് ഉപജീവനമാർഗമായി ബോചെ ടീയുടെ ഹോൾസെയിൽ-റീട്ടെയ്ൽ ഷോപ്പ് നൽകുമെന്നു ബോബി ചെമ്മണ്ണൂർ അറിയിച്ചു. അബ്ദുൾ റഹീമിന്റെ മോചനത്തിനായി പണം സമാഹരിക്കാൻ ബോചെ കേരളത്തിലുടനീളം യാചകയാത്ര നടത്തിയിരുന്നു.
യാത്രയിലുടനീളം പൊതുജനങ്ങളിൽനിന്ന് ധനശേഖരണം നടത്തി. ധനസഹായം നൽകാൻ അദേഹം യാത്രയിലുടനീളം ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നല്ലൊരു തുക അബ്ദുൾ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തി. അതുകൂടാതെ ഇന്നലെ പാണക്കാട്ടെത്തി ബോചെ ഒരു കോടി രൂപ അബ്ദുൾ റഹീം മോചന ഫണ്ടിലേക്കു കൈമാറുകയും ചെയ്തു. ഇതിനും പുറമേ ധനസമാഹരണത്തിന് ലക്കി ചലഞ്ച് അടക്കമുള്ള വിവിധ പദ്ധതികൾ ബോചെ ആവിഷ്കരിച്ചിരുന്നു.
എന്നാൽ, അതിനു മുന്പേ തന്നെ ധനസമാഹരണം ഉദേശ്യലക്ഷ്യം കൈവരിച്ചതിനാൽ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അബ്ദുൾ റഹീമിന് ബോചെ ചായപ്പൊടിയുടെ ഷോപ് നൽകാനാണു തീരുമാനം. ബോചെ ടീയുടെ ലോഞ്ചിംഗ് ഇന്നലെ കോഴിക്കോട് ഫറോഖ് പഴയപാലത്തിനു സമീപം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.