കണ്ണൂര്‍: കണ്ണൂരിലെ സിപിഎമ്മിന്റെ പ്രവര്‍ത്തന ശൈലിയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഇന്നത്തെ ജനയുഗം പത്രത്തിന്റെ കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന എഡിറ്റോറിലിലാണ് സിപിഎമ്മിന്റെ പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. കണ്ണൂരില്‍ അടുത്തിടെ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് എഡിറ്റോറിയല്‍ എഴുതിയിട്ടുള്ളത്.
കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു, അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണ് എന്ന് തുടങ്ങുന്ന എഡിറ്റോറിയലില്‍ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തണമെന്ന ശക്തമായ ആഹ്വാനമാണ് നല്‍കുന്നത്. കണ്ണൂരില്‍ കൊലചെയ്യപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളും കൊടുക്കുന്ന വില സ്വന്തം ജീവനാണെന്നതുകൊണ്ട് രാഷ്ട്രീയ ആശയ സംരക്ഷണവും പ്രചരണവും എങ്ങനെയാകണമെന്നതില്‍ ഒരടിയന്തിര അഴിച്ചുപണി ആവശ്യമായി വന്നിരിക്കുന്നു എന്നും എഡിറ്റോറിയലില്‍ പറയുന്നു. ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുന്നതിനെ ശക്തമായ എതിര്‍ക്കുന്ന എഡിറ്റോറിയലില്‍ രാഷ്ട്രീയ നേതൃത്വം പക്വത കാണിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അവസരം കാത്തിരിക്കുന്നവര്‍ക്ക് ആയുധമാക്കാന്‍ കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയ അഴിമതിയും സൃഷ്ടിക്കരുതെന്നും എഡിറ്റോറിയല്‍ പറയുന്നു.
എഡിറ്റോറിയിലിലെ പ്രധാന ഭാഗങ്ങള്‍: ഇന്ത്യ മുഴുവന്‍ ദളിതന്റെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ചോരകുടിച്ച് അര്മാദിക്കുന്നവര് കേരളത്തില്‍ ആഗ്രഹിക്കുന്നത് അവരുടെ രാഷ്ട്രീയ കുതന്ത്ര നാടകങ്ങള്‍ക്ക് പറ്റിയ ഇരകളെയാണ്. ആ തന്ത്രത്തില്‍ കുടുങ്ങാതിരിക്കാന്‍ ഇനി ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായേ മതിയാകൂ! ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ഇന്നൊരു ചരിത്രദൗത്യമല്ല. അവരുടെ ഓരോ പ്രഹരവും അവരിലുണ്ടാകുന്ന ഭയത്തില്‍ നിന്നാണ് ഉയരുന്നത്.
അതവരുടെ ദൗര്‍ബല്യവുമാണ്… കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ മനസറിഞ്ഞ് നല്കിയ അംഗീകാരമാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ വിജയത്തിനാധാരം. ആ ജനതയുടെ പ്രതീക്ഷകള്‍ ശിരസേറ്റുന്നതു കൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സംയമനങ്ങള്‍ക്കും രാഷ്ട്രീയബോധങ്ങള്‍ക്കും വളരെ ഉത്തരവാദപ്പെട്ട മറ്റൊരു മാനം നടപ്പിലാക്കാനുണ്ട്. ആ ഭാരിച്ച ഉത്തരവാദത്തില്‍ നിന്നും ഇടതുപക്ഷത്തെ പിറകോട്ട് വലിക്കാന്‍ വെല്ലുവിളികള്‍ ധാരാളം ഉയര്‍ന്നുവരും. പ്രത്യേകിച്ചും വര്‍ഗീയസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധങ്ങളേറെയാണ്…
വരാന്‍പോകുന്ന വരള്‍ച്ച ഉള്‍പ്പെടെയുള്ള വിവിധങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ആവശ്യമായ ഹോം വര്‍ക്കുകളിലും നടപടികളിലും ശ്രദ്ധ ഊന്നേണ്ട സമയവും ഊര്‍ജ്ജവും വിവാദങ്ങള്‍ സൃഷ്ടിച്ച് പാഴാക്കാതിരിക്കാന് ഭരണനേതൃത്വം ശ്രദ്ധിക്കേണ്ടതാണ്… ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ സംഘടിത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയണം. കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണം. കണ്ണൂരിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന വൈര രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ വൈകിക്കൂടാ. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല.
ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല തീര്‍ച്ച. അതാദ്യം കാണിച്ചുകൊടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ആ ഒരാഹ്വാനം പ്രവര്‍ത്തകരിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഒരവസരം തന്നിരിക്കുന്നു ഇപ്പോള്‍ കണ്ണൂരിലുണ്ടായ സംഭവങ്ങള്‍…
ഇന്ത്യയെ ശിഥിലമാക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്ക് തിട്ടൂരമിറക്കുന്ന ഒരു ഫാസിസ്റ്റ് സംഘടന കൊലപാതകങ്ങള്‍ ചെയ്തുകൂട്ടുമായിരിക്കും. പക്ഷേ എത്രനാള്‍? ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേരറിവുകളുമായോ സമ്പന്ന ജനകീയ ചരിത്രവുമായോ ഒരു താദാമ്യത്തിന് പോലും അര്‍ഹതയില്ലാത്ത ആര്‍എസ്എസിനെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കുന്ന ഒരു വൈകാരിക നീക്കവും നടത്താതിരിക്കുക. അവര്‍ അവരുടെ പട്ടടയില്‍ തന്നെ കത്തി അമരട്ടെ അവിടെ ഹോമിക്കുവാനുള്ളതല്ല ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ ശിഷ്ട ജീവിതം.