വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ എഴുന്നേറ്റുനിന്നു ബഹളം വച്ച യാത്രക്കാരനെ വിമാനജീവനക്കാര്‍ സീറ്റിൽ കെട്ടിയിട്ടു. യുകെയിലെ മാഞ്ചസ്റ്ററില്‍നിന്നു ഗ്രീസിലെ റോഡ്സിലേക്കു പോകുകയായിരുന്ന റെയിന്എയറിലാണു സംഭവം. വിമാനത്തില്‍ ബഹളം വച്ച യാത്രക്കാരന്റെ കൈവശം രണ്ടു മദ്യക്കുപ്പി ഉണ്ടായിരുന്നു.
കാബിന് ക്രൂ അംഗങ്ങൾ ഇവ പിടിച്ചെടുത്തതോടെ ഇയാൾ കൂടുതൽ പ്രകോപിതനായി. ഈസമയം, വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.
യാത്രക്കാരൻ സീറ്റിലിരിക്കാൻ വിസമ്മതിച്ചതോടെ വിമാനം യഥാസമയം നിലത്തിറക്കാനായില്ല. മറ്റു യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാർ രണ്ടു സ്പെയർ സീറ്റ് ബെൽറ്റുകള്‍ ഉപയോഗിച്ച് ഇയാളെ സീറ്റില്‍ ബന്ധിച്ചശേഷമാണു വിമാനം ലാൻഡ് ചെയ്തത്. ഇതിനിടെ പലതവണ വിമാനം ആകാശത്ത് വട്ടംചുറ്റി. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി യാത്രക്കാരനെ അറസ്റ്റും ചെയ്തു.