ജറുസലേം: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്കാലികമായി നിർത്തിവച്ചതാണെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി. സിംഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക ഇന്ത്യക്കു കൈമാറിയതുപോലെ, കൊടുംഭീകരരായ ഹാഫിസ് സയീദ്, സാജിദ് മിർ, സാക്കിയൂർ റഹ്മാൻ ലഖ്വി എന്നിവരെ പാക്കിസ്ഥാൻ കൈമാറണമെന്ന് സിംഗ് ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിലേക്കു നയിച്ച സംഭവങ്ങൾ വിവരിച്ചുകൊണ്ട്, ഇസ്രയേൽ ടിവി ചാനലിനോടു സംസാരിക്കുകയായിരുന്നു സിംഗ്.ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണെന്ന് ലോകത്തിന് അറിയാം. ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് ആക്രമണങ്ങൾക്കു പിന്നിൽ.
മുംബൈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ നേതാക്കൾ ഇപ്പോഴും പാക്കിസ്ഥാനിൽ സൈന്യത്തിന്റെ സുരക്ഷയിൽ വിഹരിക്കുകയാണ്. തീവ്രവാദികളെ ഇന്ത്യക്കു കൈമാറണം. അമേരിക്കയ്ക്കു കുറ്റവാളികളെ കൈമാറാൻ കഴിയുമ്പോൾ പാക്കിസ്ഥാന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും സിംഗ് ചോദിച്ചു.