കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ഇന്നലെ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു കൂടുതല്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സോണി മത്തായി പറഞ്ഞു.
റിമാന്‍ഡിലുള്ള കുട്ടിയുടെ അമ്മ സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശത്തിനു ശേഷം സന്ധ്യയുടെ മാനസിക നില വരുംദിവസങ്ങളില്‍ പരിശോധിക്കും. കുഞ്ഞിനെ ഇല്ലാതാക്കിയതിനു പിന്നില്‍ കുടുംബബന്ധത്തിലെ വിള്ളലോ മറ്റോ ഉണ്ടോയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം സന്ധ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്ന് എറണാകുളം റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ കല്യാണിയുടെ സംസ്കാരം നടത്തി.
കുഞ്ഞുമായി സന്ധ്യ ആലുവ മണപ്പുറത്ത് ചെലവഴിച്ചു
തിരുവാങ്കുളം മറ്റക്കുഴിയിലെ ഭര്‍ത്താവ് സുഭാഷിന്റെ വീട്ടിനടുത്തുളള അങ്കണവാടിയില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.15 ഓടെ മകള്‍ കല്യാണിയുമായി പോയ സന്ധ്യ യാത്രയ്ക്കിടയില്‍ ആലുവയില്‍ എത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആലുവ മണപ്പുറത്ത് കുഞ്ഞിനൊപ്പം സമയം ചെലവിട്ട ശേഷമാണ് മൂഴിക്കുളത്തേക്ക് പോയത്.
മൂഴിക്കുളത്ത് രാത്രി ഏഴ് അഞ്ചിന് ബസിറങ്ങുമ്പോഴും സന്ധ്യയ്ക്കൊപ്പം കുഞ്ഞിനെ കാണാം. അവിടെനിന്ന് നടന്നു പോകുന്നു വഴിയിലാണ് പാലത്തിന്റെ മധ്യത്തില്‍ വച്ച് കുഞ്ഞിനെ സന്ധ്യ പുഴയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയുകയായിരുന്നു. അതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഇവര്‍ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു. എട്ടര മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതശരീരം പാലത്തിനു താഴെനിന്ന് ലഭിച്ചത്.