കോഴിക്കോട്: തീറ്റ കൊടുക്കാനുപയോഗിച്ച ട്യൂബ് തൊണ്ടയില്‍ കുരുങ്ങിയ ലക്ഷങ്ങൾ വിലയുള്ള മക്കാവ് ഇനത്തില്‍പ്പെട്ട വളര്‍ത്തുതത്തയെ അപൂര്‍വ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട്ടാണ് സംഭവം.
ഫീഡിംഗ് ട്യൂബ് തൊണ്ടയില്‍ കുടുങ്ങിയ മിക്കിയെന്ന ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവിനെ പക്ഷിരോഗ വിദഗ്ധനും റിട്ട. വെറ്ററിനറി സര്‍ജനുമായ ഡോ. പി.കെ. ശിഹാബുദ്ദീനാണ് കഴിഞ്ഞദിവസം ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്.
റബറും പ്ലാസ്റ്റിക്കും കൊണ്ടു നിര്‍മിച്ച രണ്ടര ഇഞ്ച് നീളമുള്ള ഫീഡിംഗ് ട്യൂബ് അനസ്തേഷ്യ നല്‍കിയശേഷം ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
വയറ്റില്‍ ട്യൂബുകള്‍ എത്തിയാല്‍ ഒരാഴ്ചയ്ക്കകം പക്ഷികള്‍ ചാവും. ഒന്നര ലക്ഷം രൂപയോളമാണ് ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് തത്തകളുടെ വില. ഏറ്റവും വലിയ തത്തയിനമായ മക്കാവുകളില്‍ അപൂര്‍വ ഇനങ്ങള്‍ക്ക് 30 ലക്ഷം രൂപവരെ വിലയുണ്ട്. പക്ഷികള്‍ക്ക് ഈവിധം ശസ്ത്രക്രിയ നടത്തുന്നത് അപൂര്‍വമാണ്.