മോഷണം നടത്തി ലഭിച്ച പണംകൊണ്ട് 20 കുട്ടികളുടെ സ്കൂൾ ഫീസ് അടച്ച യുവാവിനെയും കൂട്ടുപ്രതികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബംഗളൂരു ബ്യാദരഹള്ളിയിലാണു സംഭവം. ശിവു എന്ന ശിവപ്പൻ, അനിൽ, വിവേക് എന്നിവരാണ് അറസ്റ്റിലായവർ.
മോഷണങ്ങളുടെ മുഖ്യ സൂത്രധാരൻ ബേഗൂർ സ്വദേശിയായ ശിവപ്പൻ ആണ്. കുടുംബമില്ലാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന ഇയാൾ മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പ്രയാസപ്പെടുന്ന സുഹൃത്തുക്കളെ കണ്ടപ്പോഴാണ് മോഷണം നടത്താൻ പദ്ധതിയിട്ടതത്രെ.
വീടുകളിൽനിന്നു സ്വർണമാണു പ്രധാനമായും മോഷണം നടത്തിയിരുന്നത്. ബംഗളൂരുവിലെ നിരവധി പ്രദേശങ്ങളിലെ വീടുകളിൽ സംഘം മോഷണം നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയാണു വറ്റിരുന്നത്.
ഈവിധം 22 ലക്ഷം രൂപയ്ക്കുള്ള സ്വർണം വിറ്റിരുന്നു. ഈ പണത്തിൽ വിവേകിന് ശിവപ്പൻ നാലു ലക്ഷം രൂപ നൽകുകയും അനിലിന് ഓട്ടോറിക്ഷ വാങ്ങി കൊടുക്കുകയുംചെയ്തു. ബാക്കി 14 ലക്ഷം രൂപ ഉപയോഗിച്ച് ശിവപ്പൻ പ്രദേശത്തെ 20 കുട്ടികളുടെ സ്കൂൾ, കോളജ് ഫീസ് അടയ്ക്കുകയായിരുന്നു.