നെടുങ്കണ്ടം: പൊതുസ്ഥലങ്ങളില്‍ നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റാനുള്ള ഉത്തരവ് മറയാക്കി തടികടത്തുകാരും വനംവകുപ്പ് അധികൃതരുമടങ്ങുന്ന ലോബി ലക്ഷങ്ങള്‍ വില മതിക്കുന്ന മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി.
പാതയോരങ്ങളിലും ബസ് സ്റ്റാൻഡുകളിലും സ്കൂള്‍, കോളജ്, ആശുപത്രികള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വളപ്പുകളിലുംനിന്ന് നിരവധി വന്മരങ്ങളാണ് ഇത്തരത്തില്‍ വെട്ടിയത്.
വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയേക്കാവുന്ന ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനുപകരം തടികടത്തുകാര് അവര്‍ക്ക് വന്ലാഭമുണ്ടാക്കാനുതകുന്ന മരങ്ങളുടെ ലിസ്റ്റ് തയാറാക്കി നല്‍കുകയും അവ മൂടോടെ വെട്ടിമാറ്റുവാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയുമായിരുന്നു.
പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഭാഗമായി വനംവകുപ്പ് മുന്‍കൈയെടുത്ത് നട്ടുപിടിപ്പിച്ചുതും നാട്ടുകാര്‍ പരിപാലിച്ചതുമായ മരങ്ങള്‍ മുറിച്ചുമാറ്റുകയാണ്.
കൊടുംവേനലില്‍ തണലായി നിന്നിരുന്ന നിരവധി മരങ്ങളാണ് ഇത്തരത്തില്‍ വെട്ടിമാറ്റപ്പെട്ടത്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന് ആവശ്യപ്പെട്ടു.