പയ്യന്നൂര്‍: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരേ കേസ്. പെരളം പടിഞ്ഞാറ് താമസിക്കുന്ന ബിജെപി പ്രവര്ത്തകന് വടക്കേപ്പുരയില്‍ ബാബുവിന്റെ പരാതിയിലാണ് പെരളത്തെ സിപിഎം പ്രവര്‍ത്തകരായ റിനീഷ്, റെനീഷ്, വിനോദ് എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം ആറരയോടെ പെരളത്തെ നിലാവ് പുരുഷ സ്വാശ്രയ സംഘം ഓഫീസിന് സമീപത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്വാശ്രയ സംഘം യോഗത്തിന് ശേഷം പരാതിക്കാരന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ മൂന്നുപേര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഫോണിൽ ചിലരെ വിളിച്ചുവരുത്തുകയും അവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.
കൈയിലെ രാഖി വലിച്ചു പൊട്ടിക്കുകയും ഇരുമ്പുവടികൊണ്ട് കാലിലടിച്ചു പരിക്കേല്‍പ്പിച്ചതായുമാണ് പരാതി. ഭീഷണിപ്പെടുത്തിയതിനൊപ്പം പരാതിക്കാരന്റെ ബൈക്ക് വെള്ളത്തില്‍ തള്ളിയിട്ട് കേടുവരുത്തി. താന്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിലും രാഖി കെട്ടി നടക്കുന്നതിലുമുള്ള വിരോധമാണ് ആക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരനില്‍നിന്നു മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റുള്‍പ്പെടെയുള്ള നേതാക്കള്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിനെ കാണാന്‍ ആശുപത്രിയിലെത്തി.