കോഴിക്കോട്: നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ത്രില്ലറില് യുഡിഎഫിന് ഉജ്വലവിജയം. 2016 മുതല് കൈവിട്ട മണ്ഡലം ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. 11005 വോട്ടിൻ്റെ വന് ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ ജയം. ഒറ്റയ്ക്കു പൊരുതിയ പി.വി. അൻവർ 19,946 വോട്ട് പിടിച്ച് കരുത്ത് കാട്ടി.
യുഡിഎഫ് സ്ഥാനാര്ഥി ആര്യാടന് ഷൗക്കത്ത് 76,493. എല്ഡിഎഫ് സ്ഥാനാര്ഥി എം. സ്വരാജ് – 65,601. സ്വതന്ത്ര സ്ഥാനാര്ഥി പി.വി. അൻവർ -19,946. അഡ്വ. മോഹൻ ജോർജ് – 8706 എന്നിങ്ങനെയാണ് വോട്ട് നില. ഇടതു സ്വതന്ത്രനായി 2016ലും 21-ലും വിജയിച്ചുകയറിയ പി.വി.അന്വര് സിപിഎമ്മുമായി തെറ്റിപിരിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19നാണ് വോട്ടെടുപ്പ് നടന്നത്. 75.27 ആയിരുന്നു പോളിംഗ് ശതമാനം.
തുടക്കത്തില് എണ്ണിയ വഴിക്കടവ് പഞ്ചായത്ത് മുതല് പി.വി.അന്വര് ഉയര്ത്തിയ ഭീഷണി മറികടന്നുകൊണ്ടാണ് ആര്യാടന് ഷൗക്കത്ത് വിജയത്തിലേക്കു കുതിച്ചത്. ആദ്യം യുഡിഎഫ് സ്ഥാനാര്ഥി ഒന്നുപതറിയെങ്കിലും ആദ്യ അഞ്ച് റൗണ്ട് പൂര്ത്തിയായപ്പോള് ഭൂരിപക്ഷം നാലായിരത്തില് എത്തിക്കാന് കഴിഞ്ഞു. പിന്നീട് ആര്യാടന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒരിക്കല് പോലും എല്ഡിഎഫ് സ്ഥാനാര്ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല.
പോസ്റ്റല് ബാലറ്റ് എണ്ണിത്തുടങ്ങിയതുമുതല് ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാര്ഥി ആര്യാടന് ഷൗക്കത്ത് ഒരുഘട്ടത്തിലും ലീഡ് കൈവിടാതെ മുന്നേറി. സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫ് 800 വോട്ട് ലീഡ് നേടി. അതേസമയം യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് വഴിക്കടവില് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര സ്ഥാനാര്ഥി അന്വർ ആദ്യ റൗണ്ടുകള് എണ്ണിത്തുടങ്ങുമ്പോള് ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള് തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വഴിക്കടവ് പഞ്ചായത്തില് ഏകദേശം മൂവായിരം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല് രണ്ടായിരംവോട്ടുകളുടെ ലീഡാണ് നേടാനായത്. ആദ്യ റൗണ്ട് കഴിയുമ്പോള് 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ട് കഴിയുമ്പോള് അത് 1239 ആയി ഉയര്ന്നു. മൂന്നാം റൗണ്ടില് 230 വോട്ടുകളുടെ ലീഡും നേടിയതോടെ 1,449 വോട്ടുകളുടെ ലീഡില് യുഡിഎഫ് എത്തി. മൂന്ന് റൗണ്ടുകള് കഴിയുമ്പോള് 4,119 വോട്ടുകളാണ് അന്വര് നേടിയത്.13-ാം റൗണ്ട് കഴിഞ്ഞതോടെ പതിനായിരവും കടന്ന് കുതിക്കുകയായിരുന്നു അന്വർ.