പൂച്ചാക്കൽ: സോഷ്യൽ മീഡിയ യിൽ വൈറലാകാൻ റീൽസ് ചിത്രീകരിച്ചത് 23 മീറ്ററോളം ഉയരമുള്ള ശുദ്ധജല വിതരണ ടാങ്കിൽ. റീൽസ് കാരണം മൂന്നു ദിവസമായി മുടങ്ങിയിരുന്ന പള്ളിപ്പുറം പഞ്ചായത്തിൽ ശുദ്ധജലവിതരണം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു. ടാങ്കിൽ നിലവിലു ണ്ടായിരുന്ന കുടിവെള്ളം മുഴുവനായി കളഞ്ഞു.
പിന്നീട് ടാങ്ക് അണുവിമുക്തമാക്കിയതിനുശേഷം വെള്ളം നിറച്ചു. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ജലവിതരണ വിഭാഗത്തിന്റെ ആലപ്പുഴയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധന നടത്തി മാലിന്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ശുദ്ധജല വിതരണം ആരംഭിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമെന്റ് ഫാക്ടറിക്കു വടക്കുഭാഗത്തെ ജപ്പാൻശുദ്ധജല സംഭണിയിലാണ് കഴിഞ്ഞ 28ന് മൂന്നു യുവാക്കൾ ഇറങ്ങി കുളിച്ചും ടാങ്കിലേക്ക് ചാടിയും വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ തൈക്കാട്ടുശേരി മണ്ണാർകാട് യദുകൃഷ്ണൻ (25), പുത്തൻനികർത്തിൽ അതുൽകൃഷ്ണ(27), പാണാവള്ളി കളരിത്തറ ജയരാജ് (27)എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ശുദ്ധജലം മലിനമാക്കൽ പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ സ്ഥലത്ത് അതിക്രമിച്ചു കടക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ജല അഥോറിറ്റി ഉദ്യോഗസ്ഥ രുടെ പരാതിയും മൊഴിയും രേഖപ്പെടുത്തിയതിനുശേഷമാണ് മൂവരുടെയും അറസ്റ്റ് ചേർത്തല പോലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച്ച വൈകിട്ട് ആറോടെയാണ് ഇവർ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.16 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയിലാണ് ഇവർ ഇറങ്ങിയത്.
നിരപ്പിലെ കോവിണിപ്പടിയിലൂടെ ടവറിനു മുകളിൽ കയറി ജലസംഭണിയിലെ കോവിണിയിലൂടെ ജലത്തിലേക്കിറങ്ങി. ഇറങ്ങിയപ്പോൾ പകുതിയോളം ഭാഗം ജലമുണ്ടായിരുന്നെന്നാണ് വിവരം.23 മീറ്ററോളം ഉയരമുള്ളതാണ് ജലസംഭരണി. ടവർ പരിസരം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരുന്നതിനാൽ അതിക്രമിച്ചു കടക്കുകയായിരുന്നു.
വിവരം നാട്ടുകാർ പോലീസിനെ അറിയിക്കുകയുമായിരുന്നു. റീൽസ് ദൃശ്യങ്ങളെടുത്തെന്നും കുളിച്ചെന്നുമെല്ലാം പ്രചാരണമുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭരണിക്കു മുകളിൽ കയറുക എന്ന ലക്ഷ്യമിട്ട് ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. സംഭവം മൂലമുണ്ടായ മുഴുവൻ നഷ്ടവും കാരണക്കാരിൽനിന്നും ഈടാക്കണമെന്നും ജലഅഥോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നരലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.