വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്… ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത് സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ചകളില്‍ ഒന്നാണ്. ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകള്‍ കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു. വിരുപ്പാക്ക നൂല് കന്പനി കഴിഞ്ഞ് 100 മീറ്റര്‍ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 300 മീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്.
തൂമാനം വെള്ളച്ചാട്ടം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് അകമലയിലെ തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരത്തില്‍നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം അകമല ചേപ്പലക്കോട് വനമേഖലയില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. പ്രകൃതിരമണീയമായ വെള്ളച്ചാട്ടം എന്നതിലുപരി വളരെ സുരക്ഷിതമായതും കുട്ടികള്‍ക്ക് പോലും ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യാം എന്നതുമാണ് തൂമാനത്തെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.
ചാത്തന്‍ചിറ
മഴ കനത്താല്‍ നിറഞ്ഞൊഴുകുന്ന ചാത്തന്‍ചിറ ചെക്ക് ഡാമും വെള്ളച്ചാട്ടവും ആസ്വാദകമനം കവരുമെന്ന കാര്യം തീര്‍ച്ചയാണ്. വടക്കാഞ്ചേരി കാഞ്ഞിരക്കോട് കൊടുന്പ് പ്രദേശത്ത് മലനിരകള്‍ക്ക് താഴെ സ്ഥിതിചെയ്യുന്ന ഡാമില്‍ നിറഞ്ഞുതുളുന്പി കിടക്കുന്ന നീലജലാശയവും അതില്‍നിന്നു കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എരുമപ്പെട്ടി പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ചിറ വടക്കാഞ്ചേരി നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും വരള്‍ച്ചയെയും ഒരുപരിധിവരെ തടയുന്നവയില് ഒന്നാണ്.
കല്ലന്പാറ ചോല
പാദസ്വരനാദം പോലെ കാതുകളില്‍ ശ്രവ്യസുന്ദര ശബ്ദവും ചെപ്പാറ മലയില്‍നിന്ന് ഒഴുകി ചെറിയ ചോലകളും വെള്ളച്ചാട്ടവും ഉള്‍പ്പെടുന്ന മഴക്കാല വിനോദസഞ്ചാര കേന്ദ്രമാണ് കല്ലന്പാറ ചോല എന്ന് പറയുന്ന ഈ ചോല. തെക്കുംകര പഞ്ചയത്തിലെ കല്ലന്പാറ ബസ് സ്റ്റോപ്പില്‍നിന്ന് ഏകദേശം ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമുള്ള ഇവിടെ റോഡിലേക്ക് ഒഴുകി വരുന്ന കാട്ടരുവികളും അല്പം മാറി ഒരു തെങ്ങിന്റെ ഉയരത്തില്‍ പാറക്കെട്ടുകളിലൂടെ ഒഴുകി വരുന്ന വെള്ളവും സുന്ദരകാഴ്ചകളാണ് സമ്മാനിക്കുന്നത്. പൊതുവെ മഴ ശക്തമാകുന്പോള്‍ മാത്രമേ ഇവിടെ ഈ കാഴ്ച കാണാന്‍ സാധിക്കുകയുള്ളു. റീല്‍സുകളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി അറിഞ്ഞും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധിപ്പേരാണ് ഇവിടെ ഇപ്പോള്‍ എത്തിച്ചേരുന്നത്.
നീലറച്ചിറ
വാഴാനി ഡാമില്‍നിന്നു വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകിവരന്ന കൈവഴികളില്‍ ഒന്നായ നീലറ ചിറയും പ്രദേശവാസികളുടെ ഒഴിവുവേളകളെ ആനന്ദകരമാകുന്ന പ്രിയ ഇടങ്ങളില്‍ ഒന്നാണ്. വടക്കാഞ്ചേരി ഫൊറോനാ പള്ളിയുടെ സമീപത്ത്നിന്നു മച്ചാട് റൂട്ടില്‍ അയ്യപ്പന്കാവിനും പനങ്ങാട്ടുക്കരയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന മംഗലം പ്രദേശത്ത്നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരം വരുന്ന ഇവിടെ, വയലേലകള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ചിറയില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും ഒഴിവുവേളകള്‍ ചെലവഴിക്കുന്നതിനും കുടുംബങ്ങളും കൂട്ടുകാരും അടങ്ങുന്ന സംഘങ്ങള്‍ എത്തുന്നത് പതിവാണ്. ചിറയ്ക്ക് 100 മീറ്റര്‍ മാറി താഴ്ചയിലേക്ക് പതിക്കുന്ന ചെറിയ വെള്ളച്ചാട്ടവും കാഴ്ചക്കാര്‍ക്ക് നല്ലൊരു അനുഭൂതിയാണ് സമ്മാനിക്കുക.
വട്ടായി വെള്ളച്ചാട്ടം
മണ്‍സൂണ്‍ക്കാല യാത്രകളില്‍ നിറഞ്ഞുനില്ക്കുന്ന റീല്‍സുകളില്‍ ആദ്യസ്ഥാനങ്ങളില്‍ ഒന്നായ വട്ടായി വെള്ളച്ചാട്ടവും കുടുംബങ്ങളുടെ ഇഷ്ടവിനോദകേന്ദ്രങ്ങളില് ഒന്നാണ്.തൃശൂരില്‍നിന്നു വെറും 13 കിലോമീറ്ററിന് അപ്പുറം കുണ്ടുകാടിനോട് അടുത്തുള്ള വട്ടായിയില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാര്‍ക്ക് കൗതുകങ്ങളുടെ കലവറയാണ് സമ്മാനിക്കുന്നത്. ചെപ്പാറക്കുന്നിന് ചെരുവുകള്ക്കിടയിലൂടെ ഒഴുകിയെത്തുന്ന ജലസ്രോതസ് വട്ടായിയിലെത്തുന്പോഴാണ് രണ്ട് ചെറു വെള്ളച്ചാട്ടങ്ങളായി മാറുന്നത്. ഇവിടേക്കുള്ള യാത്രാവഴികളില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ഇരന്പല് കേള്‍ക്കാന്‍ കഴിയുന്നതും സഞ്ചാരികള്‍ക്ക് ആവേശം പകരുന്നവയാണ്.
ശ്രദ്ധിക്കുക…
- പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ഒരാഴ്ച മുന്‍പ് എങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതാണ്. പാറകളിലും കല്ലുകളിലും വഴുക്കലിന് സാധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രവേശിക്കുന്പോള്‍ ജാഗ്രത പാലിക്കുക.
നിയമപരമായ മുന്നറിയിപ്പ്
- ഡാമുകളിലും ജലാശയങ്ങളിലും അനധികൃത്യമായി ഇറങ്ങുന്നതും മത്സ്യബന്ധനം നടത്തുന്നതും ശിക്ഷാര്‍ഹമാണ്.ഒറ്റയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക.
വാർത്തയും ചിത്രങ്ങളും:
സി.ജി. ജിജാസല്‍