കൊച്ചി: പുതിയ മാറ്റങ്ങളോടെയെത്തിയ കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോയായ “റേഡിയോ ശ്രീ’ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും. കൂടുതല്‍ ശ്രോതാക്കളിലേക്ക് റേഡിയോ ശ്രീ എത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ശ്രീ ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സിയായ മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് പുന:പ്രക്ഷേപണം ആരംഭിച്ചത്.
നിലവില്‍ റേഡിയോശ്രീക്ക് അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. ഏഴു ജില്ലകളിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ സംഗമം അടുത്തിടെ തിരുവല്ലയില്‍ നടന്നിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഓണ്‍ലൈന്‍ റേഡിയോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നതിനെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ച ചെയ്തു.
വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളിലെ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം ഇന്ന് കോഴിക്കോട് നടക്കും. അതില്‍ പങ്കെടുക്കുന്നവരും മറ്റ് കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കുടുംബശ്രീയിലുള്ള 48 ലക്ഷം കുടുംബങ്ങളിലേക്കും ഭാവിയില്‍ റേഡിയോ ശ്രീ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുള്ള പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 7 മുതല്‍ ഒന്നു വരെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിത്യോത്സവം, ഓഡിയോ ബുക്ക് തുടങ്ങി ആറ് പ്രത്യേക പരിപാടികള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിറ്റ് വീതം കുടുംബശ്രീ വാര്‍ത്തകളുമുണ്ട്. ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും പ്രക്ഷേപണമുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ആപ് സ്റ്റോര്‍, പ്ലേസ്റ്റോര്‍ വഴിയും ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോര്‍, ഐഒഎസ് സ്റ്റോര്‍ അക്കൗണ്ട് വഴിയും റേഡിയോ കേള്‍ക്കാം. www.radioshree.com എന്ന വെബ്സൈറ്റിലും റേഡിയോ ശ്രീ പ്രക്ഷേപണമുണ്ട്.
സീമ മോഹന്‍ലാല്‍