സീയൂൾ: വിവാദ പരസ്യത്തിൽ യുഎസ് പ്രസിഡന്റ് ട്രംപിനോട് മാപ്പു ചോദിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ദക്ഷിണകൊറിയയിൽ അറിയിച്ചു. ബുധനാഴ്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് നല്കിയ അത്താഴവിരുന്നിനിടെ സ്വകാര്യമായി മാപ്പു ചോദിക്കുകയായിരുന്നുവെന്നു കാർണി പറഞ്ഞു.
ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളെ വിമർശിക്കുന്ന വീഡിയോ പരസ്യം കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ സർക്കാരാണു പുറത്തിറക്കിയത്. ചുങ്കം ചുമത്തുന്നത് വാണിജ്യ യുദ്ധങ്ങൾക്കും സാന്പത്തിക തകർച്ചയ്ക്കും വഴിവയ്ക്കുമെന്ന് മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗൻ പറയുന്ന വാക്കുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
പരസ്യത്തിൽ കുപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും കൂടുതൽ ചുങ്കങ്ങൾ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒന്റാരിയോ സർക്കാർ പരസ്യം പിൻവലിച്ചു. ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി ദക്ഷിണകൊറിയയിലെത്തിയ മാർക്ക് കാർണി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായെന്നും പറഞ്ഞു.

