കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂലൈ മൂന്നിന് ടോയ്ലറ്റ് കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ കളക്ടര്‍ ജോണ്‍ വി. സാമുവൽ സമർപ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മംഗളപത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രതികരിച്ചു. റിപ്പോര്‍ട്ട് വസ്തുതകള്‍ മറച്ചുവയ്ക്കുന്നതാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു.
കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്നും ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും പറഞ്ഞത് തെരച്ചില്‍ വൈകാന്‍ കാരണമായതായി റിപ്പോര്‍ട്ടിലില്ല. ബിന്ദുവിനെ കാണാനില്ലെന്ന വാര്‍ത്ത പരന്ന് ഒരു മണിക്കൂറിനു ശേഷമാണ് തെരച്ചില്‍ തുടങ്ങിയത്.
കെട്ടിടം ഉപയോഗശൂന്യമായിരുന്നുവെന്ന് പറയുമ്പോഴും നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഇതേ ടോയ്ലറ്റ് ഉപയോഗിച്ചിരുന്നു. പുതിയ കെട്ടിടം പണിതീര്‍ന്നെങ്കിലും അവിടേക്ക് വാര്‍ഡ് മാറ്റാന്‍ കാലതാമസമുണ്ടായതായും തിരുവഞ്ചൂർ പറഞ്ഞു.