അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മെഡിക്കൽ ഓഫീസറുടെ ക്വാർട്ടേഴ്സ് നാടോടികളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുന്നു. കണ്ണടച്ച് ആരോഗ്യ വകുപ്പ്. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിനു കീഴിൽ ആശുപത്രിക്കു തൊട്ടടുത്തായി പ്രവർത്തിച്ചിരുന്ന ക്വാർട്ടേഴ്സ് കെട്ടിടമാണ് ഇപ്പോൾ അനാഥമായിക്കിടക്കുന്നത്.
ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കായി വർഷങ്ങൾക്കു മുൻപ് നിർമിച്ച ഈ കെട്ടിടത്തിൽ രോഗികളെയും മെഡിക്കൽ ഓഫീസർ പരിശോധിച്ചിരുന്നു. കൂടുതൽ സൗകര്യത്തിനായി കെട്ടിടത്തിനുമുകളിൽ ഡ്രസ് വർക്ക് ചെയ്ത് പുതിയ നിലയും നിർമിച്ചിരുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി ക്വാർട്ടേഴ്സ് പ്രവർത്തന രഹിതമാണ്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ പൊളിച്ചെങ്കിലും പിന്നീട് പുനർ നിർമിച്ചില്ല.
ഇതോടെ കെട്ടിടം സാമൂഹികവിരുദ്ധരുടെയും നാടോടികളുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും താവളമായി മാറി. മുകളിലത്തെ നില മുഴുവൻ നാടോടികളുടെ കൈകളിലാണ്.ഇവിടെ രാത്രി കാലങ്ങളിൽ മദ്യപാനം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനവും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.പുലർച്ചെ ക്ഷേത്രങ്ങളിലേക്ക് പോകുന്ന സ്ത്രീകളെ ഇവർ ശല്യപ്പെടുത്താറുണ്ടെന്നും പരാതിയുണ്ട്.
ആശുപത്രിയുടെ തൊട്ടടുത്തായുള്ള ഈ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായിട്ടും ആരോഗ്യ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തായാണ് ഈ കെട്ടിടം പ്രവർത്തിക്കുന്നത്. എന്നാൽ പോലീസും ഇവിടേക്ക് രാത്രി കാലങ്ങളിൽ തിരിഞ്ഞു നോക്കാറില്ല.
അധികൃതരുടെ അനാസ്ഥ മൂലം ദേശീയ പാതയോരത്ത് അനാഥമായിക്കിടക്കുകയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം. ഇതിനെതിരെ കാവിൽ റസിഡന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറി വി.ഉത്തമൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.