മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കു ബൈക്കില്‍ മദ്യമെത്തിച്ചു നല്‍കിയിരുന്നയാളെ കോട്ടയം എക്സൈസ് പിടികൂടി.മുടിയൂര്‍ക്കര സ്വദേശി രവി ശങ്കര്‍ (35)നെയാണ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കഴിഞ്ഞ ഡ്രൈ ഡേയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാന്‍ ഇയാള്‍ ബാറുകള്‍ തോറും കറങ്ങി നടക്കുന്നതിനിടയില്‍ എക്സൈസ് പിന്തുടരുകയായിരുന്നു.
അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ മദ്യവുമായെത്തി ഒരാള്‍ക്ക് മദ്യം കൈമാറുമ്പോഴാണ് പിടിയിലായത്. നാല് ലിറ്റര്‍ മദ്യവും ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ 1200 രൂപയും പിടിച്ചെടുത്തു.
കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ആനന്ദരാജ്, ഉദ്യോഗസ്ഥരായ ബി. സന്തോഷ് കുമാര്‍, ഇ. കണ്ണന്, പ്രിവന്റീവ് ഓഫീസര്‍ ടി.എ. ഹരികൃഷ്ണന്, വി. വിനോദ് കുമാര്‍, കെ.ജി. അമ്പിളി, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.