കൊല്ലം: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നതായി കണക്കുകള്‍. സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നില്ലെങ്കിലും മാനസികമായി തകര്‍ക്കുന്നനിലയില്‍ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെയുള്ള ക്രൈമുകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്.
പൊതു ഇടങ്ങളിലെ നഗ്നതാ പ്രദര്‍ശനവുമായ ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. 193 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം (157), തിരുവനന്തപുരം (123), കാസര്‍കോട് (98), കൊല്ലം (76), മലപ്പുറം (74), പാലക്കാട് (67), ആലപ്പുഴ (66), കോട്ടയം (54) എന്നിവയാണ് തൊട്ടുപിന്നിലെ ജില്ലകള്‍. പത്തനംതിട്ട (43), കണ്ണൂര്‍ (35), ഇടുക്കി (33), വയനാട് (29), തൃശൂര്‍ (24) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
തൃശൂരില്‍ ബസില്‍ യുവതിക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവവും കൊല്ലത്ത് കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരേ നടന്ന നഗ്നതാ പ്രദര്‍ശനവുമൊക്കെ ഉദാഹരണങ്ങള്‍മാത്രമാണ്. കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പൊതു ഗതാഗത സംവിധാനങ്ങളില്‍ പരസ്യമായി ഇത്തരം പെരുമാറ്റങ്ങള്‍ നിരന്തരം എന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതകള്‍ക്ക് എതിരേ പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ പൊതു ജനങ്ങള്‍ അറിയുന്നത്.നിയമത്തിലെ പഴുതുകളാണു പൊതു ഇടങ്ങളിലെ അശ്ലീല പ്രവൃത്തികള്‍ വര്‍ധിക്കാന്‍ മുഖ്യ കാരണമായിരിക്കുന്നത്. നിയമ വ്യവസ്ഥകളുടെ അഭാവം കേസുകളില്‍ തിരിച്ചടിയും വെല്ലുവിളിയും ഉണ്ടാക്കുന്നു. ഇരകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പലപ്പോഴും കേസുകള്‍ക്കു തെളിവായി ഉണ്ടാകുന്നത്.
നിയമ നടപടികളിലുണ്ടാകുന്ന കാലതാമസം മിക്ക സംഭവങ്ങളിലും പരാതിപ്പെടുന്നതില്‍ നിന്ന് ഇരകളെ പിന്തിരിപ്പിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ അവര്‍ ഒറ്റപ്പെടുന്നു.സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചുവരുകയാണെന്നു കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോള്‍ പറയുന്നു. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും ഇരകള്‍ക്കു ശാരീരികമായ അതിക്രമങ്ങള്‍ നേരിടേണ്ടി വരാറില്ലെങ്കിലും അവര്‍ക്ക് ഉണ്ടാക്കുന്ന മാനസികമായ ആഘാതങ്ങള്‍ വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു.
സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്ന നീച പ്രവൃത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ – ഐപിസി സെക്ഷന്‍ 268, 509, ഭാരതീയ ന്യായ സംഹിതയുടെ – ബിഎന്‍എസ് സെക്ഷന്‍ 79, 270, എന്നിവയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനു മാത്രമായി പ്രത്യേക നിയമത്തിന്റെ അഭാവം കുറ്റവാളികള്‍ക്കു രക്ഷപ്പെടാന്‍ വഴി തെളിക്കുന്നുണ്ടെന്ന് അഭിഭാഷകയായ അഡ്വ. മിലന് മാത്യു പറയുന്നു.
അജി വള്ളിക്കീഴ്