ഭുവനേശ്വർ: ഭക്ഷണം കൊണ്ടുവരുന്നത് വൈകിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഡെലിവറി ബോയി വീട്ടമ്മയെ ആക്രമിച്ചതായി പരാതി. ഒഡീഷയിലെ ഭുവനേശ്വറിലാണ് നടുക്കുന്ന സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി.
ബിനോദിനി രഥ് എന്ന സ്ത്രീയാണ് ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഭക്ഷണം വൈകിയാണ് എത്തിയത്. ഇതേക്കുറിച്ച് ഡെലിവറി ബോയിയായ തപൻ ദാസിനോട് വീട്ടമ്മ ചോദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ തപൻ ദാസ് ഇവരെ ആക്രമിക്കുകയായിരുന്നു.
കഴുത്തിനും തലയ്ക്കും കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പ്രതിയെ സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു.
സംഭവസമയത്ത് ഡെലിവറി ബോയി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും പോലീസ് അറിയിച്ചു.