കോട്ടയം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞാല്‍ വല നിറയെ മീന്‍, വിലക്കുറവില്‍ മീന്‍ എന്ന പതിവ് തെറ്റി. ഇടത്തരം കിളി, അയല എന്നിവയ്ക്ക് മാത്രമാണ് വില കുറഞ്ഞത്. 100-120 രൂപയിലേക്ക് കിളിമീന്‍ വില താഴ്ന്നു. നാരുള്ള ചെറിയ മത്തിക്ക് 140 രൂപയാണ് നിരക്ക്. വലിയ മത്തിക്ക് 270 രൂപ. മോത, വറ്റ തുടങ്ങിയവയ്ക്ക് വില താഴ്ന്നിട്ടില്ല.
ട്രോളിംഗ് നിരോധനത്തിനു ശേഷം മാര്‍ക്കറ്റില്‍ എത്തുന്നതില്‍ 60 ശതമാനവും കിളിമീനാണ്. നത്തോലി, ചെമ്മീന്‍, കണവ തുടങ്ങിയവ കാര്യമായി ലഭിക്കുന്നില്ല.
തീരത്ത് ഒരിടത്തും ചാകരയില്ലാത്തതിനാല് മത്തിവില ഉടനെ കുറയാനിടയില്ല. പ്രാദേശിക മാര്‍ക്കറ്റില്‍ കിളിമീനിനോട് അധികം പ്രിയം ജനങ്ങള്‍ കാണിക്കാറില്ല.
രുചിയിലും ഗുണത്തിലും കേമനായ മത്തിയാണ് ജനപ്രിയ മത്സ്യം. അടുത്തയാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നും മീന്‍ ലഭ്യത കൂടുമെന്നുമാണ് സൂചന.