മോസ്കോ: യുഎസ് തീരുവകൾ വർധിപ്പിച്ച പശ്ചാത്തലത്തിൽ റഷ്യൻ കമ്പനികൾ ഇന്ത്യയുമായി തീവ്രമായി ഇടപഴകണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യ-ഇഎഇയു സ്വതന്ത്ര വ്യാപാര കരാർ കാലതാമസമില്ലാതെ അന്തിമമാക്കണമെന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ.
ഇന്ത്യയും റഷ്യയും തമ്മിലുള്ള താരിഫ്, താരിഫ് ഇതര വ്യാപാരങ്ങളിലെ വർധിച്ചുവരുന്ന തടസങ്ങൾ സംബന്ധിച്ച് എസ് ജയശങ്കർ ചർച്ചയിൽ ഉന്നയിച്ചു. വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റ് കമ്മീഷന്റെ മോസ്കോ സെഷനിൽ സംസാരിച്ച ജയ്ശങ്കർ, വ്യാപാരം വർധിപ്പിക്കുന്നതിന് ഘടനാ പരമായ തടസങ്ങൾ നീക്കം ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറഞ്ഞു.
വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യ-ഇഎഇയു സ്വതന്ത്ര വ്യാപാര കരാറിന് കാലതാമസമില്ലാതെ അന്തിമരൂപം നൽകണമെന്ന് ജയ്ശങ്കർ പറഞ്ഞു. റഷ്യ, ചൈന, ഇന്ത്യ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കരമാർഗ വ്യാപാരം വ്യാപിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന വ്യാപാര കരാറിന്റെ ശക്തമായ വക്താവാണു റഷ്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“താരിഫ്, നോൺ-താരിഫ് വ്യാപാര തടസങ്ങൾ, ലോജിസ്റ്റിക്സിലെ തടസങ്ങൾ നീക്കൽ, അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴി, വടക്കൻ കടൽ പാത, ചെന്നൈ-വ്ളാഡിവോസ്റ്റോക്ക് ഇടനാഴി എന്നിവയിലൂടെ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കൽ, പണമടയ്ക്കൽ സംവിധാനങ്ങൾ സുഗമമായി നടപ്പിലാക്കൽ – ഇവയാണ് ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റ് കമ്മീഷന്റെ മുന്നിലുള്ള പ്രധാന പ്രശ്നങ്ങളെന്നും ജയശങ്കർ പറഞ്ഞു.
മോസ്കോ യോഗത്തിൽ കമ്മീഷൻ എഫ്ടിഎയുടെ പരിഗണനാ വിഷയങ്ങൾക്ക് അന്തിമരൂപം നൽകിയതായും ഇത് ചർച്ചകളിലെ നിർണായകമായ ഒരു ചുവടുവയ്പ്പാണെന്നും വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.