കണ്ണൂർ∙ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് (54) മരിച്ചത്. പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കീഴറയിലെ റിട്ട. അധ്യാപകനായ ഗോവിന്ദന്റെ ഉടമസ്ഥതയിലുളള വാടക വീട്ടിലാണ് സ്ഫോടനം നടന്നത്. വീട് പൂർണമായും തകർന്നു.
സമീപത്തെ നാലുവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സമീപത്ത് പടക്കശേഖരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണപുരം, തളിപ്പറന്പ് പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്.
വീട് വാടകയ്ക്ക് എടുത്ത് 2016 മാർച്ച് 24 ന് നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയായിരുന്ന അനൂപ് മാലിക്ക് എന്നയാളാണ്. എന്നാൽ, ഇയാൾ ഇവിടെ താമസിക്കുന്നില്ല. അനൂപ് മാലിക്കിന്റെ ഭാര്യ സഹോദരനാണ് മരിച്ച മുഹമ്മദ് ആഷാം.അനൂപ് മാലിക്കിന് പടക്കത്തിന്റെ ബിസിനസാണ്.
നിരവധി സ്ഫോടനക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.മറ്റ് രണ്ടുപേരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂർ സ്പെയർ പാർട്സ് കടയിലെ ജീവനക്കാരാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. മരിച്ചയാളുടെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി. അനൂപ് മാലിക്കിനെതിരേ സ്ഫോടക വസ്തു നിയമപ്രകാരം കേസെടുത്തു.
പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തിൽ മണ്ണ് നീക്കി പരിശോധന ആരംഭിച്ചു. വീടിനുള്ളിൽ വൻ സ്ഫോടകവസ്തു ശേഖരം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.