കണ്ണൂർ: കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവേ എംഡിഎംഎയുമായി പിടിയിലായ പയ്യന്നൂരിലെ യുവതി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം കരുതല്‍ തടങ്കലിലായി.
ബുള്ളറ്റ് ലേഡിയെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ മുല്ലക്കോട് അണക്കെട്ടിനുസമീപം താമസിക്കുന്ന മുല്ലക്കോട് ഹൗസില്‍ സി.നിഖില (31)യാണ് കരുതല്‍ തടങ്കലിലായത്.
ബുള്ളറ്റില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന ഇവര്‍ ബുള്ളറ്റ് റാണിയെന്നും അറിയപ്പെടുന്നു. 2023 ഡിസംബര്‍ ഒന്നിന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22-ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. പയ്യന്നൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി വീണ്ടും പിടികൂടിയത്.
ഇങ്ങനെ തുടര്‍ച്ചയായി രണ്ട് കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമമനുസരിച്ച് നിഖിലയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ശിപാര്‍ശചെയ്തത്.
ശിപാര്‍ശപ്രകാരം കഴിഞ്ഞമാസം 29ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ പയ്യന്നൂരിലെ വീട്ടില്‍ നിഖിലയെ കണ്ടെത്താനായില്ല.
അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് തീവ്രവാദവിരുദ്ധ സ്ക്വാഡ്, കണ്ണൂര്‍ തീവ്രവാദവിരുദ്ധ സ്ക്വാഡ്, എക്സൈസ് സൈബര്‍ സെല്‍, സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നാര്‍ക്കോട്ടിക് വിംഗ് ബംഗളൂരു, ബംഗളൂരു മടിവാള പോലീസ് എന്നിവരുടെ സഹായത്തോടെയാണ് ബംഗളൂരു വൃന്ദാവന്‍ നഗറില്‍ ഒളിച്ചുതാമസിച്ച നിഖിലയെ കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷ്, പ്രിവന്റീവ് ഓഫീസര്‍ വി.കെ.വിനോദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജസ്മ പി.ക്ലമന്റ്, ശ്രേയ മുരളി എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.