ജറുസലേം: പാലസ്തീൻ രാഷ്ട്രം ഇനി ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാലസ്തീൻ ഇസ്രയേലിന്റെ അധികാരപരിധിയിലാണ്. വിവാദമായ ഇ 1 സെറ്റിൽമെന്റ് വിപുലീകരണ നടപടികൾ സാധ്യമാക്കാനുള്ള സുപ്രധാന കരാറിൽ നെതന്യാഹു ഒപ്പുവച്ചു.
ഒരിക്കലും പാലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകൾ നിർമിക്കാൻ നടപടി പുരോഗമിക്കുന്ന വെസ്റ്റ് ബാങ്കിലെ മാലെ അദുമിം സെറ്റിൽമെന്റ് സന്ദർശനത്തിനിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഇസ്രയേലിന്റെ പൈതൃകം, ഭൂമി, രാഷ്ട്രത്തിന്റെ സുരക്ഷ എന്നിവ നമ്മൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജറുസലേമിനു കിഴക്ക്; ആയിരക്കണക്കിനു പുതിയ ഭവന യൂണിറ്റുകൾ നിർമിക്കുന്ന, ദീർഘകാലമായി തർക്കത്തിലായിരുന്ന ഇ1 പദ്ധതിക്ക് ആസൂത്രണ കമ്മീഷനിൽനിന്ന് അന്തിമ അംഗീകാരം ലഭിച്ചിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയും നിരവധി രാജ്യങ്ങളും ഇസ്രയേലിന്റെ പദ്ധതിയെ വിമർശിച്ചിരുന്നു.
പദ്ധതി വെസ്റ്റ് ബാങ്കിനെ വിഭജിക്കുമെന്നും പ്രദേശത്തിന്റെ വടക്കൻ, തെക്കൻ ഭാഗങ്ങൾ വേർതിരിക്കപ്പെടുമെന്നും കിഴക്കൻ ജറുസലേമിനെ ഒറ്റപ്പെടുത്തുമെന്നും വിമർശനം ഉയർന്നിരുന്നു. പാലസ്തീൻ രാഷ്ട്രത്തെ അസാധ്യമാക്കുമെന്നും ചിലർ വാദിക്കുന്നു.
ഖത്തറിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേൽ ആക്രമണം നടത്തി രണ്ടു ദിവസത്തിനു ശേഷമാണ് നെതന്യാഹുവിന്റെ വെസ്റ്റ് ബാങ്ക് സന്ദർശനവും പ്രസ്താവനയും വന്നത്. പദ്ധതിയുടെ പുനരാരംഭം ഇസ്രയേലിന്റെ ഒറ്റപ്പെടലിനെ കൂടുതൽ ആഴത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ പൊതുസഭയിൽ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.