അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ തകർത്ത് സൂപ്പർ ഫൈനലിൽ കടന്നെങ്കിലും ശ്രീലങ്കയുടെ യുവ ഓൾറൗണ്ടർ ദുനിത് വെല്ലേഗയ്ക്കു മത്സരത്തിലും ജീവിതത്തിലും മറക്കാനാവാത്ത ദിനമായിരുന്നു കഴിഞ്ഞുപോയത്.
ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ 170 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്ക 19-ാം ഓവറിൽ കുശാൽ മെൻഡിസിന്റെ (52 പന്തിൽ 74 റണ്‍സ്) മികവിൽ ആറ് വിക്കറ്റ് ജയം നേടി സൂപ്പർ ഫോറിൽ കടന്നു. എന്നാൽ, കരിയറിലെ അഞ്ചാം ട്വന്റി-20 മത്സരം കളിക്കുന്ന ദുനിത് വെല്ലേഗ എറിഞ്ഞ 20-ാം ഓവറിൽ അഫ്ഗാന്റെ മുഹമ്മദ് നബി അഞ്ച് സിക്സ് പറത്തി.
മോശം ഓവറിനുശേഷം മൈതാനം വിട്ട ദുനിത്തിനെ കാത്ത് ദുഃഖ വാർത്തയുമായി ടീം മാനേജ്മെന്റ് കളത്തിനു പുറത്തുനിന്നു. ദുനിത്തിന്റെ പിതാവ് സുരങ്ക വെല്ലേഗയുടെ മരണവാർത്തയായിരുന്നു അത്. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു സുരങ്കയുടെ നിര്യാണം.
ഈ സമയം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തന്റെ ടീമിനായി പോരാടുകയായിരുന്നു ദുനിത്. മുൻ ക്യാപ്റ്റൻ സനത് ജയസൂര്യയായിരുന്നു പിതാവിന്റെ വിയോഗം ദുനിത്തിനെ അറിയിച്ചത്. ഇന്ന് ബംഗ്ലാദേശിനെതിരേ നടക്കുന്ന സൂപ്പർ 4ലെ ആദ്യ മത്സരത്തിൽ ദുനിത് കളിക്കില്ല. സുരങ്ക വെല്ലേഗയുടെ വിയോഗത്തിൽ ശ്രീലങ്കൻ ടീം മാനേജ്മെന്റും അഫ്ഗാൻ താരം മുഹമ്മദ് നബിയടക്കമുള്ളവും അനുശോചനമറിയിച്ചു.